ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ പെൻസിൽവേനിയയിലെ ബെഥെൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്സ് വെടിയുതിർക്കാനുണ്ടായ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ഇപ്പോൾ പുറത്തു വരുന്ന വിവരം, വെടിയുതിർക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തോമസ് മാത്യു ക്രൂക്സിനെ കെട്ടിടത്തിന് മുകളിൽ വച്ച് പൊലീസ് കണ്ടിരുന്നു എന്നാണ്. പെൻസിൽവേനിയയിലെ പ്രചാരണ റാലിക്കിടെയാണ് ട്രംപിന് വെടിയേൽക്കുന്നത്. വേദിയിൽനിന്ന് 140 മീറ്റർ അകലെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നു ട്രംപിനു നേരെ ക്രൂക്സ് 4 തവണ വെടിയുതിർക്കുകയായിരുന്നു.
കയ്യിൽ റൈഫിളുമായി മേൽക്കൂരയിൽ കയറിയ ക്രൂക്സിനെ ആളുകൾ കാണുന്നതിന്റെയും സുരക്ഷ മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്നതിന്റെയും മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാസംഘാംഗങ്ങളിലൊരാൾ ക്രൂക്സിന്റെ ചിത്രം പകർത്തിയതായും റിപ്പോർട്ടുണ്ട്. ട്രംപിന്റെ പരിപാടി നടക്കുന്ന വേദിയിൽനിന്ന് 140 മീറ്റർ അകലെ ആക്രമണം ലക്ഷ്യമിട്ട തോക്കുധാരി നിലയുറപ്പിച്ചുവെന്നത് യുഎസ് നേതാക്കളെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സീക്രട്ട് സർവീസിന് തിരിച്ചടിയാണ്.