Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർണാടകയിൽ സ്വകാര്യ മേഖലയിൽ കന്നഡക്കാർക്ക് സംവരണം; ബിൽ പാസാക്കി മന്ത്രിസഭ

കർണാടകയിൽ സ്വകാര്യ മേഖലയിൽ കന്നഡക്കാർക്ക് സംവരണം; ബിൽ പാസാക്കി മന്ത്രിസഭ

ബംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന വിവാദ ബില്ലിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തിൽ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തിൽ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളിൽ 100 ശതമാനം എന്നിങ്ങനെയാണ് സംവരണം നിർദേശിച്ചത്.എന്നാൽ, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനമെന്നാണ് ബില്ലനെ അവർ വിശേഷിപ്പിച്ചത്. ബിൽ അഗാധമായ അസ്വസ്ഥത ഉണ്ടാക്കുന്നതായി നാസ്‌കോം (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമം കമ്പനികളെ കർണാടകയിൽനിന്ന് തുരത്തുകയും സ്റ്റാർട്ടപ്പുകളെ അടിച്ചമർത്തുകയും ചെയ്യും. മതിയായ വൈദഗ്ധ്യമുള്ള പ്രദേശവാസികളുടെ അഭാവത്തിൽ കമ്പനികൾ സ്ഥലം മാറുന്നതിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് പ്രതിഷേധം കനത്തതോടെ നീക്കം ചെയ്തു. ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതിനെക്കുറിച്ചുള്ള പോസ്റ്റാണ് നീക്കം ചെയ്തത്. ‘യുവാക്കൾക്ക് സ്വന്തം നാട്ടിൽ ജോലി ലഭ്യമാക്കി കർണാടകയിൽ തന്നെ സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കാൻ അവസരം നൽകണമെന്നാണ് സർക്കാറിന്‍റെ ആഗ്രഹം. കന്നഡ അനുകൂല സർക്കാറാണിത്. കന്നഡക്കാരുടെ ക്ഷേമം സംരക്ഷിക്കുക എന്നതിനാണ് മുൻഗണന’ എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞത്. കർണാടകയിലെ വൈദഗ്ധ്യമുള്ള തൊഴിലളികൾക്ക് മുൻഗണന നൽകുന്ന നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് മാധ്യമങ്ങളോട് പറഞ്ഞു.ബിൽ വിവേചനപരമാണെന്ന് പത്മശ്രീ അവാർഡ് ജേതാവും മുൻ സി.എഫ്.ഒയും ഇൻഫോസിസ് ബോർഡ് അംഗവുമായ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments