Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകമലാ ഹാരിസ് അമേരിക്കൻ പ്രസിഡൻ്റായേക്കുമെന്ന സൂചന നൽകി ജോ ബൈഡൻ

കമലാ ഹാരിസ് അമേരിക്കൻ പ്രസിഡൻ്റായേക്കുമെന്ന സൂചന നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: കമലാ ഹാരിസ് അമേരിക്കൻ പ്രസിഡൻ്റായേക്കുമെന്ന സൂചന നൽകി പ്രസിഡൻ്റ് ജോ ബൈഡൻ. നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് കളേർഡ് പീപ്പിൾ (NAACP) വാർഷിക കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 5-ന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റുകളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബൈഡന്‍റെ സൂചനയെന്നതും ശ്രദ്ധേയമാണ്.

“അവര്‍ ഒരു മികച്ച വൈസ് പ്രസിഡൻ്റ് മാത്രമല്ല, അമേരിക്കയുടെ പ്രസിഡൻ്റുമാകാം,” കമല ഹാരിസിനെ കുറിച്ച് ബൈഡൻ പറഞ്ഞു. ബൈഡന്‍ ഒരുപക്ഷേ വിരമിക്കാൻ തീരുമാനിച്ചാൽ പകരം വയ്ക്കാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് കമലയെന്നത് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ തൻ്റെ രണ്ടാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങൾക്കായുള്ള പദ്ധതികൾ താൻ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു. ബൈഡനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ പടയൊരുക്കം തകൃതിയാണ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ നടൻ ജോർജ് ക്ലൂണി രംഗത്തെത്തിയിരുന്നു. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.

ന്യൂയോർക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ക്ലൂണി, ബൈഡൻ പിന്മാറണമെന്ന് പറഞ്ഞത്. ‘പറയാൻ വിഷമമുണ്ട്. പക്ഷെ പറയാതെ പറ്റില്ലല്ലോ. ഞാൻ 2010ൽ കണ്ട ബൈഡനെയായിരുന്നില്ല മൂന്നാഴ്ച മുൻപ് കണ്ടത്. അന്ന് ടിബറ്റിൽ കണ്ട ബൈഡൻ അതേപോലെ എന്റെ മുൻപിൽ വന്നുനിൽകുകയായിരുന്നു…’; ജോർജ് ക്ലൂണി പറഞ്ഞു. അതിനിടെ ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടുകയാണെന്ന വാര്‍ത്തകള്‍ തള്ളി വൈറ്റ് ഹൗസും രംഗത്തെത്തിയിരുന്നു. പ്രസിഡൻ്റ് പാർക്കിൻസൺസിന് ചികിത്സിച്ചിട്ടില്ലെന്നും മരുന്ന് കഴിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞിരുന്നു.

വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെൻ്ററിലെ ന്യൂറോളജിസ്റ്റും മൂവ്‌മെൻ്റ് ഡിസോർഡേഴ്സ് സ്പെഷ്യലിസ്റ്റുമായ ഡോ. കെവിൻ കാനാർഡ് ഓഗസ്റ്റ് മുതൽ മാർച്ച് വരെ എട്ട് തവണ വൈറ്റ് ഹൗസ് സന്ദർശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിൽ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയെക്കുറിച്ച് കാനാർഡ് ഗവേഷണം നടത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപിനെതിരായി ജൂൺ 27 ന് നടന്ന സംവാദത്തിൽ ബൈഡൻ ദുർബലനായി കാണപ്പെട്ടതിന് പിന്നാലെ പ്രസിഡൻ്റിന് കാര്യമായ എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments