വാഷിങ്ടൻ : സമൂഹമാധ്യമമായ എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ എക്‌സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് മോദിയെ അഭിനന്ദിച്ചു രംഗത്തെത്തി. ‘‘ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ!’’, എന്നാണ് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചത്.
കഴിഞ്ഞ ആഴ്‌ചയാണ് എക്‌സിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടത്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയക്കാരന്‍ കൂടിയാണ് നരേന്ദ്ര മോദി. എക്‌സിൽ ഒബാമയെ 13.1 കോടി പേരാണ് പിന്തുടരുന്നത്. മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപാണ് മൂന്നാം സ്ഥാനത്താണ്, 8.7 കോടി പേരാണ് എക്‌സിൽ ട്രംപിനെ പിന്തുടരുന്നത്. 3.8 കോടി പേർ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാലാം സ്ഥാനത്ത്.
എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ എക്സിൽ പിന്തുടരുന്ന വ്യക്തി, എക്സ് ഉടമ തന്നെയായ ഇലോൺ മസ്കാണ്. 19 കോടിയിലേറെ പേരാണ് ഇലോൺ മസ്കിനെ എക്സിൽ പിന്തുടരുന്നത്. എക്സിൽ കൂടുതൽ പേർ പിന്തുടരുന്ന രണ്ടാമത്തെ വ്യക്തി ബറാക് ഒബാമയാണ്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മൂന്നാം സ്ഥാനത്ത്.