Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വള്ളിക്കോട് : സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെ, ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ നമ്മള്‍ സ്ഥാപിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 202021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 1.2 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിച്ച വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലമുറകളായി വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ നമ്മുടെ സമൂഹത്തിലെ യുവത്വത്തിന്റെ മനസ്സിനെ പരിപോഷിപ്പിച്ചുകൊണ്ട് പഠനത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു. നമ്മുടെ കുട്ടികള്‍ക്ക് അക്കാദമിക് വിദ്യാഭ്യാസം മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ രൂപപ്പെടുത്തുന്ന മൂല്യങ്ങളും തത്വങ്ങളും ലഭിക്കുന്ന സ്ഥലമാണിത്. ഇന്ന്, ആധുനിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയും അനുയോജ്യമായ പഠന അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സൗകര്യം നല്‍കിക്കൊണ്ട് ഈ പൈതൃകത്തെ നമ്മള്‍ ആദരിക്കുന്നു. കോന്നി എംഎല്‍എയുടെ നേതൃത്വത്തിലുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂളിന് തുക അനുവദിച്ചത്.
നമ്മുടെ സ്‌കൂളുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ തിരിച്ചറിഞ്ഞു നടപ്പാക്കാന്‍ തുടങ്ങിയിരുന്നു. സമ്പന്നമായ ഒരു സമൂഹത്തിന്റെ ആണിക്കല്ലാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം. അത് നമ്മുടെ കുട്ടികള്‍ പഠിക്കുകയും വളരുകയും ചെയ്യുന്ന സൗകര്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്.
ഇന്ത്യയില്‍ വിദ്യാഭ്യാസ പുരോഗതിയില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. വിദ്യാഭ്യാസത്തോടുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിബദ്ധത അചഞ്ചലമാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മികവ് പുലര്‍ത്താനും വലിയ സ്വപ്നം കാണാനും അവരുടെ മുഴുവന്‍ കഴിവുകളും നേടാനും ആവശ്യമായ വിഭവങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ ഉറപ്പാക്കുന്നു.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ നടത്തിയത്. അത് ഇനിയും തുടരും. ഒപ്പം തന്നെ അക്കാദമികയുമായി കൂടുതല്‍ മുന്നേറുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും തുടരും. അതിനെല്ലാം പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ വികസിത രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ പോലെ വിദ്യാഭ്യാസം നേടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൂടുതല്‍ മുന്നോട്ടു പോയി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


വള്ളിക്കോട് സ്‌കൂളിനെ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തുകയെന്ന നാടിന്റെ ഏറക്കാലമായുള്ള ആവശ്യമാണ് സഫലമായതെന്ന് ചടങ്ങിവല്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ. യു. ജനീഷ് കുമാര്‍ പറഞ്ഞു. കോന്നിയിലെ വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വള്ളിക്കോട് പഞ്ചായത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നരാജന്‍, കെ.ആര്‍. പ്രമോദ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില , സംഘാടകസമിതി ചെയര്‍മാനും എസ്.എം.സി ചെയര്‍മാനുമായ സംഗേഷ് ജി നായര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൂസന്‍ കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് ബില്‍ഡിംഗ്‌സ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ഞ്ചിനീയര്‍ റ്റി. കെ. ഷിബു ജാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments