ഷിരൂര്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ വീഴ്ചയില്ലെന്ന് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസമുണ്ടായിട്ടില്ല. വന്‍ മണ്ണിടിച്ചിലാണ് ഉണ്ടായത്. പ്രതിസന്ധിയുണ്ടാക്കിയത് മഴ മാത്രമാണ്. ജീവന്‍ പണയംവച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാണ്. ആദ്യദിനം മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പെട്ടത് പത്തുപേരാണ്. ഇനി കണ്ടെത്താനുളളത് മൂന്നുപേരെയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
റോഡില്‍ വീണ മണ്ണിന്‍റെ 98 ശതമാനം മാറ്റിയെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈര ഗൗഡ പറഞ്ഞു. ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റഡാര്‍ സിഗ്നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കി. തൊട്ടടുത്ത പുഴയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. അതിനടിയില്‍ ഉണ്ടോ എന്ന് അറിയില്ല. സൈന്യത്തിന്‍റെ നിര്‍ദേശപ്രകാരം തിരച്ചില്‍ തുടരും. എല്ലാ സാധ്യതയും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.