ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. നാളെയാണ് കേന്ദ്രബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.
ഇന്ന് മുതൽ ആഗസ്റ്റ് 12 വരെയാണ് പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേർചിത്രമായ സാമ്പത്തിക സർവേ ഇന്ന് സമർപ്പിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ നാളെ പൂർണ ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റും വോട്ട് ഓൺ അകൗണ്ടുമാണ് നേരത്തെ പാസാക്കിയിരുന്നത്.
വ്യോമയാനം, റബർ , കോഫി എന്നീ മേഖലകളിൽ പരിഷ്കാരത്തിനു ഉപകരിക്കുന്ന സുപ്രധാന ആറു ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേട് , യുപിയിലെ കാവ്ഡ് യാത്ര വിഭജനത്തിനായി ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.