മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 250 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6495 രൂപയായി കുറഞ്ഞു. പവന് രണ്ടായിരം കുറഞ്ഞ് 51,960 രൂപയായി. ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചതോടെയാണ് വില വൻതോതിൽ കുറഞ്ഞത്. രാവിലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 2200 രൂപയുടെ കുറവുണ്ടായി.
ബജറ്റിൽ സ്വർണത്തിന്റേയും വെള്ളിയുടേയും പ്ലാറ്റിനത്തിന്റേയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വർണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി തീരുവ ആറ് ശതമാനമാക്കിയാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനമാക്കിയും കുറച്ചിരുന്നു.അർബുദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്വർണം, വെള്ളി, തുകൽ ഉൽപന്നങ്ങൾ, കടൽ വിഭവങ്ങൾ, ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവക്കാവും വില കുറയും.അമോണിയം നൈട്രേറ്റ്, പി.വി.സി ഫ്ലെക്സ് ബാനർ, ടെലികോം ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിക്കും.