Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഉന്നതിയിലെത്തിയപ്പോഴും വേരുകൾ മറന്നില്ല; കമല ഹാരിസിനെ ചേർത്തുപിടിച്ച് ചെന്നൈയിലെ ഈ കുഞ്ഞു ഗ്രാമം

ഉന്നതിയിലെത്തിയപ്പോഴും വേരുകൾ മറന്നില്ല; കമല ഹാരിസിനെ ചേർത്തുപിടിച്ച് ചെന്നൈയിലെ ഈ കുഞ്ഞു ഗ്രാമം

ചെന്നൈയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് തുളസീന്ദ്രപുരം എന്ന ചെറിയ ഗ്രാമം. വാഷിങ്ടണിൽ നിന്ന് ഏതാണ്ട് 14000 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഹരിതാഭമായ ഗ്രാമത്തിലാണ് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ മുത്തശ്ശനും മുത്തശ്ശിയും ജീവിച്ചിരുന്നത്. ഇവിടത്തുകാർ ഏറെ അഭിമാനത്തോടെയാണ് ഗ്രാമത്തിന്റെ ഓരോ മുക്കിലും കമലയുടെ ​ബാനർ തൂക്കിയിരിക്കുന്നത്. അവരുടെ വിജയത്തിനായി പ്രത്യേക പ്രാർഥന പോലും നടക്കുന്നുണ്ട്. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ചിലയിടങ്ങളിൽ മധുരപലഹാര വിതരണവും നടക്കുന്നുണ്ട്. യു.എസ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റായി മത്സരിക്കാൻ നറുക്കു വീണത്.

”ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാനുള്ള പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒട്ടും എളുപ്പമായിരിക്കില്ലെന്നറിയാം. അവരെയോർത്ത് ഞങ്ങൾ അഭിമാനം കൊള്ളുകയാണ്. ഒരിക്കൽ വിദേശീയർ ഇന്ത്യക്കാരെ ഭരിച്ചു. ഇപ്പോൾ ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലെ നിർണായക ശക്തികളായി മാറുകയാണ്.”-കമല ഹാരിസിന്റെ നാട്ടുകാരനും ബാങ്ക് മാനേജറുമായ കൃഷ്ണമൂർത്തി പറയുന്നു. വനിതകൾക്കിടയിൽ താരമാണ് കമല ഹാരിസ്. നാട്ടിലെ ഓരോ സ്ത്രീകളും സ്വന്തം മകളായോ സഹോദരിയായോ ഒക്കെയാണ് അവരെ കാണുന്നത്. എല്ലാവർക്കും കമലയെ അറിയാം. കുട്ടികൾക്ക് പോലും…ഗ്രാമപ്പഞ്ചായത്തിന്റെ പ്രതിനിധീകരിക്കുന്ന അരുൾമൊഴി സുധാകർ പറയുന്നു. ഉന്നത പദവികളിലിരിക്കുമ്പോഴും തന്റെ വേരുകൾ കമല മറന്നില്ല എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്. കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റായപ്പോൾ, പടക്കം പൊട്ടിച്ചും നഗരങ്ങളിൽ പോസ്റ്ററുകൾ പതിച്ചുമാണ് ഗ്രാമവാസികൾ ആഘോഷിച്ചത്. ഒപ്പം പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവങ്ങളായ സാമ്പാറും ഇഡ്‍ലിയും വിളിമ്പി സാമുദായിക സദ്യയൊരുക്കുകയും ചെയ്തു. ഇഡ്‍ലിയും സാമ്പാറുമാണ് കമലയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നെന്ന് അവരുടെ ബന്ധു ഒരിക്കൽ പറഞ്ഞിരുന്നു.

സ്തനാർബുദ ഗവേഷകയായിരുന്നു കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ. 1958ലാണ് അവർ യു.എസിലേക്ക് കുടിയേറിയത്. ശ്യാമളയുടെ മാതാപിതാക്കൾ തുളസീന്ദ്രപുരം സ്വദേശികളാണ്. 19ാം വയസിൽ ഒറ്റക്കാണ് അമ്മ ശ്യാമള യു.എസിലേക്ക് വന്നതെന്ന് ഒരിക്കൽ കമല പറയുകയുണ്ടായി. ശക്തയായ സ്​ത്രീയായിരുന്നു അവൾ; രണ്ട് പെൺമക്കൾക്കും പ്രചോദനവും അഭിമാനവും പകരുന്ന അമ്മയും.-കമല കുറിച്ചു.

സഹോദരി മായക്കൊപ്പം കമല ചെന്നൈ സന്ദർശിച്ചിരുന്നു. അമ്മയുടെ മരണ ശേഷം ചിതാഭസ്മം കടലിൽ ഒഴുക്കാനായിരുന്നു അത്. കമലയുടെ മാതൃസഹോദരൻ ബാലച​ന്ദ്രൻ അക്കാദമിക് രംഗത്തെ പ്രമുഖനാണ്. മുത്തശ്ശൻ പി.വി. ഗോപാലൻ സിവിൽ സർവീസുകാരനായിരുന്നു. അഭയാർഥി പുനഃരധിവാസത്തിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. 1960 കളിൽ സാംബിയയിലെ ആദ്യ പ്രസിഡന്റിന്റെ ഉപദേശകനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments