തിരുവനന്തപുരം: യു.എ.ഇ പൗരത്വം ലഭിച്ച അപൂർവം മലയാളികളിൽ ഒരാളായ തിരുവനന്തപുരം ചിറയിൻകീഴ് പെരുങുഴി സ്വദേശി കാസിം പിള്ള(81) ഇനി ഓർമ. ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യത്തിന് നൽകിയ സേവനങ്ങൾ മാനിച്ച് 2008 ലാണ് ദുബൈ ഭരണാധികാരി ഇദ്ദേഹത്തിന് യു.എ.ഇ പൗരത്വം നൽകി ആദരിച്ചത്. 56 വർഷം ദുബൈ കസ്റ്റംസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ്. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി ചെയ്തശേഷമാണ് ദുബൈ കസ്റ്റംസിൽ ജീവനക്കാരനായത്. പിന്നീട് ദുബൈ കസ്റ്റംസ് ആൻഡ് പോർട്‌സിൻറെ വിവിധ ചുമതലകളിൽ സേവനമനുഷ്ടിച്ചു. വകുപ്പിൻറെ വളർച്ചക്ക് വലിയ സംഭാവനകളർപ്പിച്ച അദ്ദേഹത്തിന് അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമുമായി അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു.
തുറമുഖങ്ങൾ എമിറേറ്റിൻറെ പ്രധാന വരുമാന സ്രോതസായിരുന്ന ആദ്യ കാലങ്ങളിൽ വളരെ ആത്മാർഥമായി കസ്റ്റംസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതാണ് ഭരണാധികാരികളുമായി മികച്ച ബന്ധത്തിന് കാരണമായത്. ആദ്യകാല പ്രവാസിയായ അദ്ദേഹം മലയാളികളടക്കമുള്ളവർക്ക് ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ദുബൈ കസ്റ്റംസിൽ 56 വർഷം പ്രവർത്തിച്ച അദ്ദേഹത്തിന് 2008ൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ നിർദേശപ്രകാരമാണ് യു.എ.ഇ പൗരത്വം ലഭിച്ചത്.
കസ്റ്റംസിൽ നിന്ന് വരിമിച്ച ശേഷം സർവീസിലേക്ക് തിരിച്ചുവിളിച്ച് കാസിം പിള്ളയുടെ സേവനം അധികൃതർ വീണ്ടും ഉപയോഗപ്പെടുത്തിയിരുന്നു. പരേതരായ എൻ. ഇസ്മായിൽ പിള്ള, ഹാജറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സാലിഹത്ത് കാസിം.