മലപ്പുറം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പ്രളയത്തിൽ അകപ്പെട്ടവർക്ക് പ്രാദേശിക കമ്മിറ്റികൾ മുൻകൈയെടുത്ത് അടിയന്തര സഹായമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന്റെ ഭീകരദൃശ്യങ്ങളും വാർത്തകളുമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. നിലമ്പൂർ ചാലിയാർ പുഴയിൽ നിന്ന് പോലും മൃതദേഹങ്ങൾ കണ്ടെടുക്കുന്നുവെന്നത് ജലത്തിന്റെ സംഹാരതീവ്രതയാണ് സൂചിപ്പിക്കുന്നത്.
പ്രളയഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ സന്ദർശനങ്ങളും വിനോദങ്ങളും ഒഴിവാക്കണം. പരിശീലനം നേടിയ മുസ്ലിം ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുണ്ടാകണം. മറ്റ് പ്രവർത്തകർ ഒറ്റപ്പെട്ടു പോയവർക്കും ദുരിതത്തിൽ കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും സാദിഖലി തങ്ങൾ അഭ്യർഥിച്ചു.
സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. ഓരോ നിമിഷവും അതിന്റെ തീവ്രത കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം വയനാട്ടിലെ ദുരന്തമേഖലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വിവരമാണ് അധികൃതരുമായും പാര്‍ട്ടിപ്രവര്‍ത്തകരുമായും ബന്ധപ്പെടുമ്പോള്‍ അറിയാന്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരാതെ തടഞ്ഞുനിര്‍ത്താന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സര്‍വശക്തന്‍ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കട്ടെ.