വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയാകുമെന്ന് കരുതുന്ന കമലാ ഹാരിസുമായി സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നേരത്തെ ജോ ബൈഡനും ഡോണൾഡ് ട്രംപും തമ്മിൽ രണ്ടു ഡിബേറ്റുകളാണ് തീരുമാനിച്ചിരുന്നത്. അതിൽ ഒന്ന് കഴിഞ്ഞതോടെ സ്ഥാനാർഥിത്വത്തിൽ നിന്ന് ബൈഡൻ പിന്മാറി. പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി ഏതാണ്ട് തീരുമാനിച്ചിരിക്കുകയുമാണ്. ഈ ഘട്ടത്തിൽ ശേഷിക്കുന്ന സംവാദം കമലാ ഹാരിസുമായി നടത്തണമെന്ന് ആവശ്യമുയർന്നിരുന്നു.
അവസാനത്തേതുമായ സംവാദം സെപ്റ്റംബർ 10 നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കമല ഹാരിസുമായി ഒരു ഡിബേറ്റിനു താൻ സന്നദ്ധനല്ല എന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. ഫോക്സ് ബിസിനസ് ചാനലിൽ തനിക്കു കമല ഹാരിസുമായി ഡിബേറ്റ് നടത്തേണ്ട ആവശ്യം ഇല്ല എന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ കമല ഹാരിസിന്റെ പ്രചാരണ വിഭാഗം രംഗത്തെത്തുകയും ചെയ്തു. അതേസമയം ട്രംപിന് നേരിട്ട് ഹാരിസുമായി സംവാദം നടത്താൻ ഭയമാണന്നാണ് പ്രചാരണ വിഭാഗത്തിന്റെ പ്രതികരണം.
തനിക്ക് ലഭിച്ച പിന്തുണയിൽ ട്രംപ് വിരണ്ടു കമല ഹാരിസ് പറഞ്ഞു. ട്രംപിന് ബൈഡനു മേൽ ഉണ്ടായിരുന്ന മുൻകൈ കമല ഹാരിസിന്റെ വരവോടെ നഷ്ടമായി എന്നാണ് സർവേകൾ പറയുന്നത്. ഫൈവ് തേർട്ടി എയിറ്റ് സർവേയിൽ ഹാരിസിന് 45% വും ട്രംപിന് 43.5% പിന്തുണയാണ് പ്രവചിച്ചത്.