ദുബായ്: വിനോദ സഞ്ചാരികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടു നേരിട്ടാൽ ടൂറിസ്റ്റ് പൊലീസുമായി നേരിട്ടു ബന്ധപ്പെടാമെന്ന് ദുബായ് പൊലീസ് അറിയിച്ചു. 901 എന്ന നമ്പരിൽ വിളിച്ചോ പൊലീസിന്റെ ഡിജിറ്റ് ആപ് ഉപയോഗിച്ചോ ബന്ധപ്പെടാം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ മോശം പെരുമാറ്റം നേരിടുകയോ, മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരയാകുകയോ ചെയ്താൽ അപ്പോൾ തന്നെ വിവരം അറിയിക്കാം.
അനധികൃതമായി ആരെങ്കിലും ചിത്രം പകർത്തിയെന്നു സംശയം തോന്നിയാലും പരാതിപ്പെടാം. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമേ നൽകാവു. മറ്റാരെയെങ്കിലും ഏൽപ്പിച്ചു പോവുകയോ അനധികൃത സ്ഥലങ്ങളിൽ നൽകുകയോ ചെയ്യരുത്. എന്തുതരം ചൂഷണം നേരിട്ടാലും ടൂറിസം പൊലീസുമായി നേരിട്ടു ബന്ധപ്പെട്ടു പരാതി നൽകാം.