ജെയിംസ് കൂടൽ
(ഗ്ലോബൽ പ്രസിഡന്റ് ഒ.ഐ.സി.സി ഇൻകാസ്)
ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി വയനാട് ഇന്ന് മാറിക്കഴിഞ്ഞു. അപ്രതീക്ഷിതമായ ഉരുൾ പൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട എത്രയോ പേർ. ഈ ദുരന്ത ഭൂമിയിൽ നിന്ന് വയനാടിനെ നമുക്ക് കരകേറ്റേണ്ടതുണ്ട്. ലോകത്തിന്റെ എറ്റവും മനോഹരങ്ങളായ ഇടങ്ങളിൽ ഒന്നാണ് വയനാട്. വയനാടിന്റെ സൗന്ദര്യവും ശുദ്ധിയും നമുക്ക് തിരികെ പിടിക്കേണ്ടതുണ്ട്. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ നമുക്ക് അതിന് സാധിക്കുകയുള്ളൂ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെയും നിർദ്ദേശ പ്രകാരമാണ് ഒ.ഐ.സിസി ഇത്തരമൊരു കർമ്മത്തിന് മുന്നിട്ടിറങ്ങിയത്. കോൺഗ്രസ് നേതാക്കളുടെ ഊർജ്ജവും ആവേശവുമായ ഈ നേതാക്കളുടെ നിർദ്ദേശം പാലിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാ പ്രവർത്തകരും നേതാക്കളും. ഇത്തരം അവസരത്തിൽ വയനാടിന് കൈത്താങ്ങാകാൻ ലോക മലയാളികൾക്കൊപ്പം ഏറ്റവും വലിയ പ്രവാസി സംഘടനകളിൽ ഒന്നായ ഒ.ഐ.സി.സി ഇൻകാസും കൈകോർക്കുകയാണ്. ഇതിന്റെ ഭാഗമായി ഒ.ഐ.സി.സി ഓരോ കമ്മിറ്റികളിലും ശക്തമായ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ വയനാടിന് സാമ്പത്തീക ശക്തിയും മറ്റ് ആവശ്യമായ കരുതലുകളുംഎത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടന്നു വരുന്നത്. രണ്ടാമതായി നിർമ്മാണത്തിനാണ് പ്രധാനപരിഗണന നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവരുടെ പുനരധിവാസവും ഭവന നിർമ്മാണവും ഏങ്ങനെയെന്ന് ആശങ്ക നിലനിൽക്കുമ്പോൾ അതിന് പിൻതുണയായി എത്തുന്നഎല്ലാ സംഘടനകൾക്കും ഒപ്പം ഒ.ഐ.സി.സി ഇൻകാസ് ഉണ്ടാകും.
നിലവിൽ പല കമ്മിറ്റികളും ഭവന നിർമ്മാണത്തിന് ആവശ്യമായ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്രൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. ഇൻകാസ് യു.എ.ഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒ.ഐ.സി.സി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒ.ഐ.സി.സി പ്രവർത്തകർ കെ.പി.സി.സിയുമായും വയനാട് ഡി.സി.സിയുമായി സഹകരിച്ച് പ്രവർത്തിക്കും
വരും ദിവസങ്ങളിൽ കൂടുതൽ കമ്മിറ്റികൾ മുന്നോട്ടു വരുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ആവശ്യസാധനങ്ങൾ സ്ഥലത്തെത്തിച്ചു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കൂട്ടായ പ്രവർത്തനത്തിലൂടെ വയനാടിനെ കരകയറ്റാം എന്ന വിശ്വത്തിൽ ഒരുമിച്ച് ഒരേ പോലെ പ്രവർത്തിക്കുകയാണ് നേതാക്കളും പ്രവർത്തകരും.
.