പാരീസ്: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടറില്‍ ബ്രിട്ടനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍(4-2) തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍. നിശ്ചിത സമയത്ത് 10 പേരായി ചുരുങ്ങിയിട്ടും 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവിലായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍റെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് ഇന്ത്യയുടെ വിരനായകനായത്. ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ലളിത് ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറിക്കും സാക്കറി വാലസിനും മാത്രമെ ബ്രിട്ടനായി ലക്ഷ്യം കാണാനായുള്ളു.
കോണര്‍ വില്യംസിന്‍റെ ഷോട്ട് പുറത്ത് പോയപ്പോള്‍ ഫില്‍ റോപ്പറുടെ ഷോട്ട് ശ്രീജേഷ് രക്ഷപ്പെടുത്തി. ഒളിംപിക്സ് ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെമിയില്‍ തോറ്റാലും ഇന്ത്യക്ക് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സിരക്കാം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. മറ്റന്നാള്‍ നടക്കുന്ന സെമിയില്‍ അറ്‍ജന്‍റീനയോ ജര്‍മനിയോ ആകും ഇന്ത്യയുടെ എതിരാളികള്‍.
ഗോള്‍ രഹിതമായ ആദ്യ ക്വാര്‍ട്ടറിനൊടുവില്‍ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി പൊരുതിയാണ് ഇന്ത്യ ബ്രിട്ടനെ വീഴ്ത്തിയത്. രണ്ടാം ക്വാര്‍ട്ടറില്‍ 22ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ലിഡെടുത്ത ഇന്ത്യക്കെതിരെ അഞ്ച് മിനിറ്റിനകം ലീ മോര്‍ട്ടനിലൂടെ ബ്രിട്ടന്‍ സമനില പിടിച്ചിരുന്നു. പിന്നീട് രണ്ട് ക്വാര്‍ട്ടറുകളിലിം ആക്രമിച്ചു കളിച്ചെങ്കിലും ശ്രീജേഷിന്‍റെ മികവ് ബ്രിട്ടനെ ഗോളടിക്കുന്നതില്‍ നിന്ന് തടഞ്ഞു.
ബ്രിട്ടീഷ് താരം കല്‍നാന്‍റെ മുഖത്തിനുനേരെ അപകടരമായ രീതിയില്‍ സ്റ്റിക്ക് ഉയര്‍ത്തിയതിനാണ് അമിത്തിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. ആദ്യ ക്വാര്‍ട്ടർ മുതല്‍ ബ്രിട്ടനാണ് ആക്രമിച്ചു കളിച്ചത്. ബ്രിട്ടീഷ് ആക്രമണങ്ങളെ ചെറുക്കുന്ന ജോലിയായിരുന്നു തുടക്കത്തില്‍ ഇന്ത്യൻ പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനും. നാലം മിനിറ്റില്‍ തന്നെ ബ്രിട്ടന്‍ ആദ്യ പെനല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കി. എന്നാല്‍ അത് ഗോളാക്കാന്‍ അവര്‍ക്കായില്ല.
തൊട്ടടുത്ത നിമിഷം രണ്ടാമാതൊരു പെനല്‍റ്റി കോര്‍ണര്‍ കൂടി ബ്രിട്ടന് അനുകൂലമായി ലഭിച്ചു. അതും അവര്‍ക്ക് മുതലാക്കാനായില്ല. ആറാം മിനിറ്റില്‍ ബ്രിട്ടന്‍റെ ഫര്‍ലോങിന്‍റെ ഗോള്‍ ശ്രമം ശ്രീജേഷ് തട്ടിയകറ്റി രക്ഷപ്പെടുത്തി. പതിനൊന്നാം മിനിറ്റില്‍ ബ്രിട്ടന് വീണ്ടും പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചു. പതിമൂന്നാം മിനിറ്റിലാണ് ഇന്ത്യക്ക് അനുകൂലമായി ആദ്യ പെനല്‍റ്റി ലഭിച്ചത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് പെനല്‍റ്റി കോര്‍ണറുകള്‍ ബ്രിട്ടന് ലഭിച്ചെങ്കിലും അതൊന്നും ഗോളായില്ല.