പി പി ചെറിയാൻ
നോർത്ത് ടെക്സസ് : നോർത്ത് ടെക്‌സസിൽ രണ്ട് ലക്ഷത്തിലധികം ഡോളർ തട്ടിപ്പ് നടത്തിയ കരാറുകാരൻ അറസ്റ്റിൽ. ഒമ്പത് ഉപഭോക്താക്കളെ കബളിപ്പിച്ച് ഏകദേശം 260,000 ഡോളർ സമാഹരിച്ചതിന് ആൻഡ്രൂ പോൾ എന്ന റീമോഡലിങ് കരാറുക്കാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പാർക്കർ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. റീമോഡലിങ് കമ്പനിയായ ഇൻഫിനിറ്റി ഔട്ട്‌ഡോർ സൊല്യൂഷൻസ്, എൽഎൽസിയുടെ ഉടമയാണ് ആൻഡ്രൂ.
കരാർ ജോലിയുടെ നിബന്ധനകൾ പൂർത്തിയാക്കാതെയും ഫണ്ട് തിരികെ നൽകാതെയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താതെയുമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഗ്രാൻബറി, നോർത്ത് റിച്ച്‌ലാൻഡ് ഹിൽസ്, ഡെന്നിസൺ, ഡെന്റൺ, ടാരന്റ് കൗണ്ടിയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.
2023 ഒക്ടോബറിൽ, ഒരു ഉപഭോക്താവിൽ നിന്നും 33,000 ഡോളറാണ് ഇയാൾ തട്ടിയെടുത്തത്. ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ പേയ്‌മെന്റുകളും ആൻഡ്രൂ തന്റെ ബിസിനസ് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുക. സ്വകാര്യ ആവശ്യത്തിനായി ഈ ഫണ്ട് ഉപയോഗിച്ചതായ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു ഉപഭോക്താവിൽ നിന്നും 25,000 ഡോളറും, മറ്റൊരാളിൽ നിന്ന് 29,380 ഡോളറും ആൻഡ്രൂ തട്ടിയെടുത്തതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഏപ്രിൽ മാസത്തിൽ ആരംഭിച്ച അന്വേഷണത്തിൽ ആൻഡ്രൂവിനെതിരെ വസ്തു മോഷണം, ട്രസ്റ്റ് ഫണ്ട് ദുരുപയോഗം, വഞ്ചന എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ഇയാൾക്കെതിരെ പത്ത് ക്രിമിനൽ വാറന്റുകളാണുള്ളത്. വെള്ളിയാഴ്ച അറസ്റ്റിലായ ആൻഡ്രൂ നിലവിൽ പാർക്കർ കൗണ്ടി ജയിലിലാണ്.