ന്യൂഡൽഹി: ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതാണ്. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാരുമായി ബന്ധപ്പെടുന്നുണ്ട്. ബംഗ്ലാദേശ് സൈന്യവുമായും ആശയവിനിമയം തുടരുന്നുണ്ട്. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സംവരണവിരുദ്ധപ്രക്ഷോഭം വളർന്ന് ശൈഖ് ഹസീന രാജിവെക്കണമെന്ന ഏക അജണ്ടയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ധാക്കയിൽ സമ്മേളിച്ചു. സൈന്യവുമായി ചർച്ച നടത്തിയ ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയെന്നും ജയശങ്കർ പറഞ്ഞു.
19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിൽ 9,000ത്തോളം വിദ്യാർഥികളാണ്. ജൂലൈയിൽ ഒരു സംഘം വിദ്യാർഥികൾ തിരിച്ചെത്തിയിട്ടുണ്ട്. നിലവിലെ ഭരണകൂടം ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്കും മറ്റു നയതന്ത്രസ്ഥാപനങ്ങൾക്കും സുരക്ഷനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മാറിയാൽ നയതന്ത്രബന്ധം പഴയപോലെ തുടരുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.