ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് മാറുന്നതിന് മുന്നോടിയായി സെയിൽസ് വിഭാഗത്തിൽ പുനക്രമീകരണം നടത്തി ടെക് ഭീമനായ ഡെൽ. ജീവനക്കാർക്ക് ഇതുസംബന്ധിച്ച് ഡെൽ അറിയിപ്പ് നൽകിയെന്നാണ് വിവരം. എ.ഐ അധിഷ്ഠിതമായ പുതിയ സെയിൽസ് യൂണിറ്റ് നിർമിക്കുകയാണ് ഡെല്ലിന്റെ ലക്ഷ്യമെന്നും കമ്പനി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.അതേസമയം, മാറ്റത്തിന്റെ ഭാഗമായി എത്ര പേരെ പിരിച്ചുവിടുമെന്ന് ഡെൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും 12,500 പേർക്കെങ്കിലും ജോലി നഷ്ടമാവുമെന്നാണ് സൂചന. ഡെല്ലിന്റെ ആകെ ജീവനക്കാരിൽ 10 ശതമാനം വരുമിത്.
ഡെല്ലിന്റെ സീനിയർ എക്സിക്യൂട്ടീവുമാരായ ബിൽ സ്കാനൽ, ജോൺ ബയൺ എന്നിവരാണ് കമ്പനി ജീവനക്കാർക്ക് മെയിൽ അയച്ചിരിക്കുന്നത്.പിരിച്ചുവിട്ടുവെന്ന് കാണിച്ച് ഡെല്ലിലെ നിരവധി ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. മാനേജർ, സീനിയർ മാനേജർ തുടങ്ങി രണ്ട് പതിറ്റാണ്ട് വരെ അനുഭവ സമ്പത്തുള്ളവരേയും തീരുമാനം ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡെൽ നിരന്തരമായി ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്.