ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.
ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.