പാരിസ് : ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു. വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായാണ് നീക്കം. ഉത്തരവ് അനുകൂലമായാൽ വിനേഷിന് വെള്ളി മെഡൽ ലഭിക്കും. കായിക കോടതിയുടെ ഇടക്കാല ഉത്തരവ് വ്യാഴാഴ്ച പ്രഖ്യാപിക്കും.
വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷൻ അപ്പീല്‍ നൽകിയിരുന്നു. യുണൈറ്റഡ് വേൾഡ് റസ്‍ലിങ്ങിനാണ് ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയത്. വിഷയത്തിൽ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷൻ ആവശ്യപ്പെട്ടു. അതേസമയം ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് യുണൈറ്റഡ് വേൾഡ് റസ്‍ലിങ്ങിന്റെ നിലപാട്. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ വിനേഷ് ഫോഗട്ടിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒളിംപിക്സ് വില്ലേജിലെ ക്ലിനിക്കിലാണ് വിനേഷ് ഫോഗട്ട് ഇപ്പോഴുള്ളത്. വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും രംഗത്തെത്തി. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാംപ്യനാണെന്ന് രാഷ്ട്രപതി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘പാരിസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ആവേശത്തിലാക്കുന്നതാണ്. അയോഗ്യയാക്കപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും 1.4 ബില്യൻ ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ഇപ്പോഴും ചാംപ്യനാണ്.’’– രാഷ്ട്രപതി വ്യക്തമാക്കി.