പാരീസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തി ഇല്ല, ഗുസ്തിയോട് വിട പറയുകയാണ്. ഗുഡ്ബൈ റസ്ലിങ് എന്നുപറഞ്ഞാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ ഇന്നലെ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.