കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. എൺപത് വയസായിരുന്നു. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി)യടക്കമുളള വാര്‍ധക്യസഹജമായ രോഗങ്ങൾ കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. 2000 മുതൽ 2011 വരെ 11 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുവിന്റെ പിൻഗാമിയായിട്ടാണ് മുഖ്യമന്ത്രിയായത്.
1944 മാർച്ച് 1 ന് വടക്കൻ കൊൽക്കത്തയിലാണ് ബുദ്ധദേബ് ജനിച്ചത്. 1966 ലാണ് സി.പിഎമ്മിൽ അംഗത്വമെടുക്കുന്നത്. 1968 ൽ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി.1971 ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായും. 82 ൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1984 കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 85 ൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2000 ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1977 ൽ സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി. 1966 ൽ സംസ്ഥാന ആഭ്യന്തരമുഖ്യമന്ത്രിയായി. 1999 ൽ ഉപ മുഖ്യമന്ത്രിയായി. 2000 മുതൽ 2011 വരെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. ഭാര്യ മീര. മകൾ സുചേതന.
ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്ന 2007 കാലത്താണ് വിവാദമായ നന്ദിഗ്രാം സംഭവിക്കുന്നത്. പശ്ചിമബംഗാളിനെയും സി.പി.എമ്മിനെയും പിടിച്ചുലച്ചതായിരുന്നു ഇൻഡാനേഷ്യൻ’ കമ്പനിയായ സാലിം ഗ്രൂപ്പിന് കെമിക്കൽ ഹബ് തുടങ്ങാൻ സർക്കാർ നടത്തിയ വിവാദ ഭൂമിയേറ്റെടുക്കൽ. അതിനെതിരെ നന്ദിഗ്രാമിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 14 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്.