ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതിനെ ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.
ഇന്ത്യൻ ഹോക്കി താരത്തിൽ നിന്ന് ഒരു പരിശീലകനാകുന്ന ശ്രീജേഷിന് ഒരുപാട് യുവതാരങ്ങൾക്ക് പ്രോത്സാഹനമാകാൻ കഴിയും. താങ്കളുടെ പരിശീലന മികവ് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി ആർ ശ്രീജേഷ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ മധ്യനിര താരം മൻപ്രീത് സിംഗ് മാത്രമാണ് ശ്രീജേഷിനേക്കാൾ കൂടുതൽ മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 378 മത്സരങ്ങളിൽ മൻപ്രീത് ഇന്ത്യൻ ടീമിനായി കളിച്ചു.
പാരിസ് ഒളിംപിക്സിൽ എട്ട് മത്സരങ്ങളിൽ നിന്നായി ശ്രീജേഷ് 50 ഷോട്ടുകളാണ് തടഞ്ഞിട്ടത്. ആകെ 62 ഷോട്ടുകളാണ് താരത്തിന് നേരെ എത്തിയതെന്നത് ശ്രീജേഷിന്റെ ഗോൾകീപ്പിംഗ് മികവ് ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ഒളിംപിക്സിൽ ശ്രീജേഷിന്റെ നായകമികവിലാണ് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്.