പത്തനംതിട്ട: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച അന്വേഷണമാണു നടക്കുന്നത്. മുംബൈയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന ബാങ്ക് അക്കൗണ്ടിലെ തുക സുപ്രീം കോടതിക്കു കീഴിലുള്ള അക്കൗണ്ടിലേക്കു മാറ്റണമെന്നും കേസ് നടപടികൾ അവസാനിക്കുമ്പോൾ തിരികെ നൽകുമെന്നും പറഞ്ഞാണു തെറ്റിദ്ധരിപ്പിച്ചതെന്നും മാർ കൂറിലോസ് പറഞ്ഞു. പൊലീസിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണത്തിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പു നടന്നു എന്നുള്ളത് ശരിയാണെന്നും അതു കേസ് ഒത്തുതീർപ്പാക്കാൻ അടച്ച പണമല്ലെന്നും മാർ കൂറിലോസ് പറഞ്ഞു. അത്തരത്തിൽ തുക ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.