ന്യൂഡൽഹി: സംവരണ പ്രക്ഷോഭങ്ങൾക്കിടെ രാജിവെച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഭയം നൽകിയ കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ച് ശശി തരൂർ എം.പി. അയൽരാജ്യത്തെ അധികാര കൈമാറ്റം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നില്ലെന്നും ശശി തരൂർ എൻ.ഡി.ടി.വിയോട് പറഞ്ഞു. ‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് എന്ന രാജ്യവുമായുള്ള സൗഹൃദമാണ് വലുത്. ഇന്ത്യ മുൻതൂക്കം നൽകുന്നത് ബംഗ്ലാദേശ് ജനതയുടെ ക്ഷേമമാണ്. രാജ്യവും വ്യക്തികളും അത് കഴിഞ്ഞേയുള്ളൂ’…അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ്, 1971 ൽ ഇന്ത്യൻ സർക്കാർ അവരോടൊപ്പമായിരുന്നു, ഞങ്ങളോട് സൗഹൃദം പുലർത്താത്ത സർക്കാരുകൾ നിലവിൽ വന്നപ്പോൾ പോലും ഇന്ത്യ ആ ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി.വരും കാലങ്ങളിലും ആ ബന്ധത്തിൽ മാറ്റമുണ്ടാകില്ല’. ശശി തരൂർ കൂട്ടിച്ചേർത്തു