ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാനായില്ല. നാവിക സേന രാവിലെ 9 മണിയോടെ തിരച്ചിൽ തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാൽ പുഴയിലിറങ്ങാൻ ഇതുവരെയും നാവികസേനയ്ക്ക് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല. മഴയില്ലാത്തതും നദിയിലെ ഒഴുക്ക് കുറഞ്ഞതും സാഹചര്യം അനുകൂലമാക്കിയതോടെയാണ് ഇന്നു മുതൽ വീണ്ടും തിരച്ചിൽ തുടരുമെന്ന് അറിയിച്ചത്.
സോണാർ പരിശോധന നടത്തുമെന്നാണ് ഇപ്പോൾ ജില്ലാ ഭരണകൂടം അറിയിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. ‘‘എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അലംഭാവമെന്ന് മനസ്സിലാകുന്നില്ല. രാവിലെ തിരച്ചിൽ നടത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും അതുണ്ടായില്ല. നദിയിൽ ഒഴുക്കില്ല. മഴയില്ലാത്ത കാലാവസ്ഥയാണ്. പുഴയിലെ ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവിക സേനയ്ക്ക് അനുമതി നല്‍കിയിട്ടില്ല. സോണാർ പരിശോധന നടത്തുമെന്നാണ് ഭരണകൂടം അറിയിച്ചത്. എന്നാൽ ഈ അവസരത്തിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുന്നതാണ് നല്ലത്’’ – അർജുന്റെ സഹോദരി ഭർത്താവ് ജിതിന്‍ പറഞ്ഞു.
തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.