ദുബായ് : ഇന്ത്യൻ നിക്ഷേപകർ ദുബായിലേക്ക് ഒഴുകുന്നു. കഴിഞ്ഞ 6 മാസത്തിനിടെ പുതിയതായി 7860 ഇന്ത്യൻ കമ്പനികളാണ് ദുബായിൽ സ്ഥാപനങ്ങൾ തുറന്നത്. ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റേതാണ് കണക്ക്.
ഇമറാത്തി കമ്പനികളെ മാറ്റിനിർത്തിയാൽ ദുബായിൽ ഏറ്റവും കൂടുതൽ നിക്ഷേപിച്ചത് ഇന്ത്യൻ കമ്പനികളാണ്. രാജ്യാന്തര വ്യവസായ മേഖലയിൽ ദുബായുടെ ആകർഷണം വർധിക്കുന്നതിന്റെ സൂചനയാണിതെന്നും ദുബായ് ചേംബർ വിലയിരുത്തി. പാക്കിസ്ഥാനാണ് തൊട്ടുപിന്നിൽ. പുതിയതായി 3968 കമ്പനികൾ അവർ തുറന്നു.
ഈജിപ്ത് 2355 കമ്പനികളുമായി മൂന്നാമതുണ്ട്. സിറിയയിൽ നിന്നുള്ള 1358 കമ്പനികളും യുകെയിൽ നിന്നുള്ള 1245 കമ്പനികളും ബംഗ്ലദേശിൽ നിന്നുള്ള 1119 കമ്പനികളും പുതിയതായി ദുബായ് ചേംബറിന്റെ ഭാഗമായി. 799 കമ്പനികളുമായി ഇറാഖ് ഏഴാമതും 742 കമ്പനികളുമായി ചൈന എട്ടാം സ്ഥാനത്തുമുണ്ട്. സുഡാൻ (683 കമ്പനികൾ) ജോർദാൻ (674 കമ്പനികൾ) എന്നിവർ 9, 10 സ്ഥാനങ്ങളിലുണ്ട്.
മൊത്തം കമ്പനികളിൽ 41.5 ശതമാനവും വ്യാപാര സ്ഥാപനങ്ങളോ റിപ്പയറിങ് സ്ഥാപനങ്ങളോ ആണ്. റിയൽ എസ്റ്റേറ്റ്, റെന്റിങ്, ബിസിനസ് സർവീസസ് മേഖലയാണ് രണ്ടാം സ്ഥാനത്ത്. 33.6%. നിർമാണ മേഖലയാണ് മൂന്നാമത്. 9.4%. ഗതാഗതം, സ്റ്റോറേജ്, കമ്യൂണിക്കേഷൻ സെക്ടറാണ് നാലാമത് 8.4%). സേവന മേഖല അഞ്ചാമതാണ് (6.6%).