ദോഹ: ഖത്തറിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രോഗബാധ നേരത്തെ കണ്ടെത്തുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചതോട ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് ഖത്തർ എംപോക്‌സ് മുക്തമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അതീവ ജാഗ്രതയിലാണ്.
സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ റിപ്പോർട്ട് ചെയ്താൽ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയം നടത്തിയതായും അധികൃതർ അറിയിച്ചു.രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവരിൽ എംപോക്‌സ് കേസുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മധ്യവേനലവധി കഴിഞ്ഞ് ആഫ്രിക്കൻ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേർ ഖത്തറിലേക്ക് തിരിച്ചെത്തുന്ന സമയം കൂടിയാണിത്. ആഫ്രിക്കൻ മേഖലയിലെ രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യുകയോ വൈറസ് ബാധിച്ചവരുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്തവരിലാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.