തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കില്ല. ഹേമ കമ്മിറ്റിയിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലും കേസെടുക്കില്ല. ആരോപണമുന്നയിച്ച സ്ത്രീ പരാതി നൽകണം അല്ലെങ്കിൽ സർക്കാർ നിർദേശം വരട്ടെയെന്നുമാണ് പൊലീസ് നിലപാട്. കേരളത്തിൽ വന്ന് ഒരു പരാതി നൽകാൻ ആരോപണമുന്നയിച്ച നടി തയ്യാറായിട്ടില്ല. അതിനാൽ തന്നെ തീരുമാനം സർക്കാരിന് വിട്ട സാഹചര്യമാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ നൽകിയത് മൂന്നാം കക്ഷികളാണ് എന്നതിനാൽ തന്നെ അതിൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം രഞ്ജിത്തിന്റെ രാജിക്കായി വ്യാപക ആവശ്യം ഉയരുകയാണ്. സർക്കാരും സാംസ്കാരിക വകുപ്പും രജ്ഞിത്തിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ എൽഡിഎഫിലെ ഒരു വിഭാഗം അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്ന നയമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷവും രജ്ഞിത്തിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥാനത്തുനിന്നു മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു. കേരളത്തിന് ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചിരുന്നു.