ദുബൈ: വെടിനിർത്തൽ ചർച്ച പുരോഗമിക്കുമ്പോഴും ഗസ്സയിലുടനീളം കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. തെക്കൻ, മധ്യ ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിലായി 71 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിന്റെ പടിഞ്ഞാറൻ ഭാഗത്തെ ജനവാസ മേഖലയിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു.
വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലേക്ക് തിരിക്കും. ഇസ്രായേൽ സംഘവുമായി ഇന്നലെ രാത്രി നെതന്യാഹു ചർച്ച നടത്തിയിരുന്നു. ഹമാസ് സംഘം കൈറോയിലുണ്ട്. ഖലീൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഫിലാഡെൽഫിയ കോറിഡോറിൽനിന്ന് ഭാഗിക പിൻമാറ്റം മാത്രമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചു നിൽക്കുകയാണ്. വിട്ടുവീഴ്ചകൾക്ക് നെതന്യാഹു തയാറായില്ലെങ്കിൽ ചർച്ച പരാജയപ്പെടുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റം എന്ന ആവശ്യത്തിൽ ഹമാസ് ഉറച്ചു നിൽക്കുകയാണ്. കൈറോയിൽ മധ്യസ്ഥ ചർച്ച നല്ലനിലയിൽ പുരോഗമിക്കുന്നുണ്ടെന്നും ഗസ്സ വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, യു.എസ് പ്രസിഡന്റിന്റെ പശ്ചിമേഷ്യ കാര്യ ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർക് എന്നിവരാണ് യു.എസിനെ പ്രതിനിധാനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നത്.