Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരഞ്ജിത്ത് രാജിവെച്ചു

രഞ്ജിത്ത് രാജിവെച്ചു

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ കനത്ത പ്രതിഷേധമാണുയർന്നത്. ഇതിനൊടുവിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ലൈംഗികാരോപണത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിക്കായും വലിയ സമ്മർദമുണ്ടായി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നത്. രഞ്ജിത്തിൻ്റെ രാജിക്കായി കടുത്ത സമ്മർദമാണ് എൽ.ഡി.എഫിലും സർക്കാരിലുമുണ്ടായിരുന്നത്. രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗം നിലപാടെടുത്തു.

രഞ്ജിത്തിനെതിരെ ബംഗാളി നടി ഉയർത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു. രഞ്ജിത്തിനെ പദവിയിൽനിന്ന് മാറ്റിനിർത്തി സുതാര്യമായ അന്വേഷണം നടത്തണം. സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

പീഡന സംഭവങ്ങളിൽ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്നും വിവരം കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കാമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കിയിരുന്നു. നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണമെന്നും സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും അവർ പറഞ്ഞു. വിവരം കിട്ടിയാൽ അന്വേഷിക്കാം, കേസെടുക്കാം. പരാതി വേണമെന്നില്ലെന്നും സതീദേവി കൂട്ടിച്ചേർത്തിരുന്നു.

രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ. സുധാകരൻ പറഞ്ഞു.

എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. രാജ്യത്തെ തന്നെ പ്രഗത്ഭനായ കലാകാരനാണ് അദ്ദേഹം. കേസിൽ അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തു ചെയ്യും. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷിച്ചു വേണം കുറ്റക്കാരനാണോയെന്ന് അറിയാനെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. മന്ത്രിയുടെ നിലപാടിനെതിരെ കനത്ത ​പ്രതിഷേധമാണ് ഉയർന്നത്.

സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകരും രംഗത്തെി. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.

രഞ്ജിത്തിനെതിരായ ആരോപണത്തിൽ നിയമജ്ഞരുടെ സഹായം തേടി വേണ്ട നടപടി സ്വീകരിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ ആവശ്യപ്പെട്ടു. സംവിധായകൻ ജോഷി ജോസഫ് നടിയുടെ ആരോപണം ശരിവച്ചിട്ടുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച മാത്രം പോര. നിയമനടപടികളും വേണമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും സംവിധായകൻ ഭദ്രനും ആവശ്യപ്പെടുകയുണ്ടായി.

ഇതിനിടെ, രഞ്ജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. ബംഗാളി നടിയുടെ ആരോപണം അന്വേഷിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടാണ് പരാതി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments