കോഴിക്കോട് : ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നു സംവിധായകൻ രഞ്ജിത്ത്. സത്യമെന്താണെന്നറിയാതെയാണു ചിലർ ആക്രമണം നടത്തുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ‘‘പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുന്നു. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കും’’–രഞ്ജിത്ത് പറഞ്ഞു.
സർക്കാർ സ്ഥാനം തുടരുന്നതു ശരിയല്ല എന്നാണ് തീരുമാനിച്ചത്. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.