ഹേഗ്: യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങൾ അമേരിക്കക്ക് കൈമാറിയെന്ന കേസിൽ ടാക്സി സേവന കമ്പനിയായ ഊബറിന് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി ഡച്ച് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി(ഡി.പി.എ). ടാക്സി ലൈസൻസുകൾ, ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, പേയ്മെൻറ് വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, മെഡിക്കൽ വിവരങ്ങൾ തുടങ്ങി നിർണായക രേഖകളാണ് ഊബർ അനുവാദമില്ലാതെ ശേഖരിച്ച് യുഎസി കൈമാറിയതെന്ന് ഡി.പി.എ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തുടരുന്ന വിവരം ചോർത്തൽ യൂറോപ്യൻ യൂനിയന്റെ പൊതുവിവര സംരക്ഷണ നിയമങ്ങളുടെ (ജി.ഡി.പി.ആർ) ലംഘനമാണെന്ന് അതോറിറ്റി ചെയർമാൻ അലീഡ് വൂൾഫ്സെൻ ചൂണ്ടിക്കാട്ടി. ഡേറ്റ കൈമാറ്റം ചെയ്യാൻ യു.എസും യൂറോപ്യൻ കമീഷനും ചേർന്ന് രൂപകൽപന ചെയ്ത പ്രൈവസി ഷീൽഡ് ചട്ടം അസാധുവാണെന്ന് 2020ൽ യൂറോപ്യൻ യൂനിയൻ കോടതി വിധിച്ചിരുന്നു. എന്നാൽ, തീരുമാനം തെറ്റാണെന്നും അപ്പീൽ നൽകുമെന്നും ഊബർ പ്രതികരിച്ചു.