പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിൽ സംഭാവന നൽകുന്നവർ മാത്രം സമ്മതപത്രം നൽകിയാൽ മതിയെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി പത്തനംതിട്ട എ.ഡി.എം പുറപ്പെടുവിച്ച സർക്കുലറിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കുലർ പിൻവലിക്കണമെന്ന ആവശ്യവുമായി എൻ.ജി.ഒ സംഘ് എ.ഡി.എം ഓഫീസിൽ പ്രതിഷേധം നടത്തി. പുതിയ സർക്കുലർ ഇറക്കാമെന്ന് എ.ഡി.എം.ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 5 ദിവസത്തെ ശമ്പളത്തിൽ കുറഞ്ഞ തുക സ്വീകരിക്കില്ലെന്ന സർക്കാരിന്റെ നിർബന്ധിത നിലപാടിൽ ജീവനക്കാർ സഹകരിക്കാൻ തയ്യാറല്ലെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും, ഭരണാനുകൂല സംഘടനകളുടെയും പ്രീതി നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ചട്ടവിരുദ്ധ നടപടി നടത്തിയത്.
ഇതിന് സമാനമായി പല ഓഫീസ് മേധാവികളും സർക്കുലറുകളിലൂടെയും, ഓഫീസുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടിയും ജീവനക്കാരെ സമ്മർദ്ദം ചെലുത്തി ശമ്പളം പിടിച്ചെടുക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്. ഈ ഓഫീസ് മേലധികാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.
കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. രാജേഷ്, വൈസ് പ്രസിഡന്റ് എ.ജി. രാഹുൽ ജോയിന്റ് സെക്രട്ടറി എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി.