കൊച്ചി∙ സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും പാര്‍ട്ടിയുടെ പവര്‍ ഗ്രൂപ്പ് ലക്ഷക്കണക്കിനു വരുന്ന അണികളാണെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. രാഷ്ട്രീയത്തിലും പുരുഷാധിപത്യമുണ്ട്. തന്റെ പാര്‍ട്ടിയിലും ആണ് ആധിപത്യം ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നും ബേബി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഇ.പി. ജയരാജന് അതൃപ്തിയുണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. മുകേഷിന്റെ രാജിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായത് ഒരു നടിയുടെ പോരാട്ടമാണ്. നടിയെ സല്യൂട്ട് ചെയ്യുന്നുവെന്നും ബേബി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസമാണ് ഇ.പി ജയരാജനെ നീക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ആയിരുന്നു നടപടി.