തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004ൽ പൃഥ്വിരാജിനെ വെച്ചുള്ള തൻ്റെ സിനിമ ഇത്തരത്തിലുള്ള പവർ ഗ്രൂപ്പാണ് ഇല്ലാതാക്കിയെന്നും പ്രിയനന്ദനൻ ആരോപിച്ചു. ‘അത് മന്ദാരപ്പൂവല്ല’ എന്ന ചിത്രമാണ് മുടക്കിയത്. ആറ് ദിവസം ഷൂട്ട് തുടങ്ങി കഴിഞ്ഞാണ് തന്റെ സിനിമ മുടക്കിയതെന്നും പ്രിയാനന്ദൻ ആരോപിച്ചു.
പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങൾ എല്ലാം കലങ്ങിത്തെളിയുന്നതിലേക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയനന്ദനൻ പറഞ്ഞു.
നീണ്ട ദിവസത്തെ മൗനത്തിന് ശേഷം നടൻ മോഹൻലാലും മമ്മൂട്ടിയും ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണം ഇരുവരും നിഷേധിച്ചു. സിനിമാ രംഗത്ത് ശക്തികേന്ദ്രങ്ങളില്ല. അങ്ങനെയൊന്ന് നിലനില്ക്കാന് പറ്റുന്ന രംഗമല്ല സിനിമയെന്ന് മമ്മൂട്ടി പ്രതികരിച്ചപ്പോൾ സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം.