Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒളിക്യാമറ; ഇത് എന്‍റെ സെറ്റിലാണോ നടന്നത്'? വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാൽ വിളിച്ചിരുന്നുവെന്ന് രാധിക ശരത്‍കുമാര്‍

ഒളിക്യാമറ; ഇത് എന്‍റെ സെറ്റിലാണോ നടന്നത്’? വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാൽ വിളിച്ചിരുന്നുവെന്ന് രാധിക ശരത്‍കുമാര്‍

ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചെന്ന് നടി രാധിക ശരത്കുമാർ. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് രാധിക ഇക്കാര്യം പറഞ്ഞത്. തൻറെ സിനിമ സെറ്റിലായിരുന്നോ സംഭവം എന്നതായിരുന്നു മോഹൻലാൽ തിരക്കിയതെന്നും നടി കൂട്ടിച്ചേ‍ർത്തു. ‘എൻറെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം ഉണ്ടായതെന്ന് ചോദിച്ച് മോഹൻലാൽ വിളിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും സെറ്റിൽ ഉണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് ബോധ്യപ്പെട്ടതോടെ ബഹളം വെക്കുകയും നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു’, രാധിക പറഞ്ഞു.

തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കൻ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു. കാരവാനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ‘കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുന്നുണ്ട്.സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഓരോ നടിയുടെയും പേരിൽ പ്രത്യേകം ഫോൾഡറുകളുണ്ട്. തുടർന്ന് ഭയം മൂലം ലൊക്കേഷനിലെ കാരവാൻ താൻ ഉപയോ​ഗിച്ചില്ല’, നടി പറഞ്ഞിരുന്നു. സംഭവത്തിൽ നടിമാർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം ഫോണിലൂടെ രാധികയിൽനിന്ന് മൊഴിയെടുത്തിരുന്നു.

അതേ സമയം ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിന് കുരുക്ക് മുറുകുകയാണ്. യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി. 2022 ഏപ്രിൽ 4-ന് യുവതി കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിലെത്തി. വി കെ പ്രകാശാണ് യുവതിക്ക് മുറിയെടുത്തത്. ഇതേസമയം വി കെ പ്രകാശ് ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. ഇതിന്റെ ഹോട്ടൽ രേഖകൾ പൊലീസിന് ലഭിച്ചു. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംവിധായകൻ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത് രം​ഗത്തെത്തിയത്. ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

വി കെ പ്രകാശിനെതിരെ യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉന്നയിച്ചത്. ‘രണ്ട് വർഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വി കെ പ്രകാശ് എന്ന സംവിധിയാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി. കൊല്ലത്ത് ഒരു ഹോട്ടലിൽ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയിൽ വന്ന് കഥ പറയാൻ അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ അത് നിർത്തിവെക്കാൻ പറയുകയും എനിക്ക് മദ്യം ഓഫർ ചെയ്യുകയും ചെയ്തു. തുടർന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോൾ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്നു. എനിക്ക് അഭിനയത്തോട് താൽപര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താൽപര്യമെന്നും പറഞ്ഞപ്പോൾ അഭിനയിക്കാൻ പറ്റുമെന്ന് പറഞ്ഞിട്ട് അതിന് നിർബന്ധിച്ചു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാൻ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താൽ മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു. കഥ കേൾക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോൾ തന്നെ എനിക്ക് തോന്നി. സർ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോൾ ഞാൻ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു,’ യുവതി വെളിപ്പെടുത്തിയിരുന്നു.സംവിധായകൻ മുറിയിൽ നിന്ന് പോയപ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് പോവുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ സംവിധായകന്റെ കുറേ മിസ്ഡ് കോളുണ്ടായെന്നും തിരിച്ചു വിളിച്ചപ്പോൾ ക്ഷമിക്കണമെന്ന് പറയുകയും ചെയ്തതായി യുവതി കൂട്ടിച്ചേർത്തു. ഇത് ആരോടും പറയരുതെന്നും എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ തരാമെന്നുമായിരുന്നു വികെ പ്രകാശ് തന്നോട് പറഞ്ഞതെന്നും യുവതി വ്യക്തമാക്കി. തുടർന്ന് പതിനായിരം രൂപ അയച്ചു നൽകിയെന്നും യുവതി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com