Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. മറ്റൊരു താരത്തിന് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയാണ് വിനേഷ് പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്തതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.

ഒരാൾക്ക് ഒരേ സമയത്ത് രണ്ട് കാറ്റഗറിയിൽ മത്സരിക്കാൻ സാധിക്കുമോ എന്നാണ് എനിക്ക് വിനേഷിനോട് ചോദിക്കാനുള്ളത്. ഭാരം അളന്നു കഴിഞ്ഞ് അഞ്ച് മണിക്കൂർ പരിശീലനം നിർത്തിവെക്കാൻ സാധിക്കുമോ? തട്ടിപ്പ് കാണിച്ചാണ് നിങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തത്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷിന് കഴിയുമായിരുന്നില്ല. എന്നാൽ മറ്റൊരു താരത്തിന്‍റെ അവസരം നിഷേധിച്ചാണ് വിനേഷ് പാരിസിലെത്തിയത്. ട്രയൽസിൽ വിനേഷിനെ തോൽപ്പിച്ച കുട്ടിയുടെ അവസരം നിഷേധിക്കപ്പെട്ടു. ദൈവം നിങ്ങൾക്ക് അതിനുള്ള ശിക്ഷ തന്നു. സംഭവിച്ചത് എന്തായാലും അത് അവർ അർഹിക്കുന്നുണ്ട്” ബ്രിജ് ഭൂഷൺ പറഞ്ഞു.

ബജ്റംഗ് പുനിയ ട്രയൽസിൽ പങ്കെടുക്കാതെയാണ് ഏഷ്യൻ ഗെയിംസിൽ മത്സരിച്ചതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. രാജ്യത്തിനായി നിരവധി മെഡൽ നേടിത്തന്നവരുടെ നാടാണ് ഹരിയാന. കഴിഞ്ഞ രണ്ടര വർഷമായി അവിടെ ഗുസ്തി പരിശീലന പരിപാടികൾ ഒന്നും നടക്കുന്നില്ല. വിനേഷിനെ തനിക്കെതിരെ തിരിച്ചത് കോൺഗ്രസിന്‍റെ ഗൂഢാലോചനയായിരുന്നു. ഹരിയാനയിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏത് സ്ഥാനാർഥിക്കും വിനേഷിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാകുമെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിന്‍റെ ആദ്യ 31 അംഗ സ്ഥാനാർഥിപ്പട്ടികയിലാണ് വിനേഷിന്‍റെ പേര് ഉൾപ്പെടുത്തിയത്. റെയിൽവേയിൽനിന്ന് രാജിവെച്ചശേഷമാണ് വിനേഷും ബജ്റംഗും കോൺഗ്രസിൽ ചേർന്നത്. താൻ കടന്നുപോയ അവസ്ഥയിലൂടെ മറ്റൊരു കായികതാരവും കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ്, ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന താരത്തിന് 100 ഗ്രാം ഭാരക്കൂടുലുണ്ടെന്ന് കാണിച്ചാണ് അയോഗ്യയാക്കിയത്. വെള്ളി മെഡലിനായി അപ്പീൽ നൽകിയെങ്കിലും കായിക തർക്ക പരിഹാര കോടതി ഇത് തള്ളി.

കഴിഞ്ഞ വർഷം ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവർ പ്രതിഷേധം നടത്തിയിരുന്നു. ഡൽഹിയിലെ ജന്തർമന്ദറിലായിരുന്നു പ്രതിഷേധം. ബ്രിജ്ഭൂഷൺ രാജിവെയ്ക്കണമെന്നും ഗുസ്തി ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം. ഇതോടെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ മേരികോം, യോഗേശ്വർ ദത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments