കാരക്കാസ്: പ്രതിപക്ഷ പ്രസിഡന്‍റ് സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ട് സ്പെയിനിൽ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തർക്കിച്ചതിനെത്തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസിനെതിരെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ നാഷനൽ ഇലക്ടറൽ കൗൺസിൽ നിക്കോളാസ് മദുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്.
പ്രധാന പ്രതിപക്ഷ സഖ്യം സ്ഥാനാർഥിയായി നിശ്ചയിക്കുന്നതുവരെ 75 കാരനായ ഗോൺസാലസ് അത്ര അറിയപ്പെട്ടിരുന്നില്ല. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്ന് അവസാന നിമിഷം കയറി നിൽക്കുകയായിരുന്നു. 52% വോട്ടുകൾ നേടിയ മദൂറോയെ വിജയിയായി പ്രഖ്യാപിച്ച സി.എൻ.ഇയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ഗോൺസാലസ് പ്രത്യക്ഷപ്പെട്ടു. ഗോൺസാലസിനെതിരെ ഗൂഢാലോചനക്കും വ്യാജരേഖകൾ ചമച്ചതിനും അടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. തുടർന്ന് ജൂലൈ 30 മുതൽ ഒളിവിലായിരുന്നു.