പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോര്‍ഡ് മോട്ടോഴ്സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദര്‍ശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഫോര്‍ഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാന്‍ കമ്പനി അധികൃതര്‍ ഈ മാസം അവസാനം തമിഴ്നാട് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.
മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോര്‍ഡ് മോട്ടോഴ്സ് അധികൃതരുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാടുമായി ഫോര്‍ഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചു.
ലോകത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായിരുന്ന ഫോര്‍ഡ് 1995-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. തമിഴ്നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്. വന്‍നഷ്ടം വന്നതിനെത്തുടര്‍ന്ന് ഇന്ത്യ വിടുന്നതായി 2021-ലാണ് കമ്പനി അറിയിച്ചത്.