വാഷിംങ്ടൺ: ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റും ട്രംപിന്റെ എതിർ സ്ഥാനാർഥിയുമായ കമല ഹാരിസ്. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമേരിക്കയിൽ അക്രമത്തിനു സ്ഥാനമില്ലെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു. വെടിവയ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കമല വ്യക്തമാക്കി.
ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്പുണ്ടായത് ട്രംപിനുനേർക്കുള്ള വധശ്രമമെന്ന് എഫ്ബിഐ അറിയിച്ചു. യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.