ചെങ്ങന്നൂർ : മാവേലിയും ചുണ്ടൻ വള്ളവും പുലികളും വേട്ടക്കാരനും നിറഞ്ഞ ഉത്സവലഹരിയിൽ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ ഓണം ആഘോഷിച്ചു.
അമേരിക്കയിൽ ടെക്സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജായ കെ പി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്ന അദ്ദേഹം ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ജഡ്ജായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ മലയാളിയായ ആദ്യത്തെ ജഡ്ജാണ്.
വിദ്യാർത്ഥികളുടെ രംഗപൂജ, ഓണസന്ദേശം, സംഘനൃത്തം, ഓണപ്പാട്ട്, വള്ളംകളി ഒപ്പം രക്ഷിതാക്കളുടെ തിരുവാതിരകളി, നാടൻപാട്ട്, കൈകൊട്ടിക്കളി, മലയാളി മങ്ക മത്സരം, സ്കൂൾ സ്റ്റാഫിൻ്റെ സംഘനൃത്തവും ഓണസദ്യയും നടന്നു.
ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കാദമിക് ഡയറക്ടർ അജ സോണി, പ്രിൻസിപ്പൽ മോളി സേവ്യർ, ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, വിന്നി ഫിലിപ്പ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ ലയൺസ് ക്ലബുകളിൽ നിന്നുള്ളവർ, മാധ്യമ പ്രവർത്തകർ ലില്ലി ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.