Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതികൾ; ഇസ്രായേൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്

നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതികൾ; ഇസ്രായേൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്

തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. യുഎസിൽനിന്ന് മടങ്ങിവരും വഴി ഇസ്രായേൽ വിമാനത്താവളത്തിനുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇസ്രായേൽ നഗരമായ ലുദ്ദിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഹൂതി മിസൈൽ എത്തിയത്.

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത ശേഷം നെതന്യാഹു ഇസ്രായേലിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണം നടന്നതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ദിവസത്തിനിടെ മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇത് രണ്ടാമത്തെ മിസൈൽ ആക്രമണമാണു നടക്കുന്നത്. ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയും ലബനാനിനും ഗസ്സയിലും സയണിസ്റ്റുകളായ ശത്രുക്കൾ നടത്തുന്ന ആക്രമണത്തിനു തിരിച്ചടിയുമായാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹൂതി ചാനലായ അൽമസീറ ടിവി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ സൈനിക വക്താവ് യഹ്‌യ സരിഅ പറഞ്ഞു. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുംവരെ ഗസ്സയ്ക്കും ലബനാനും വേണ്ടിയുള്ള ചെറുത്തുനിൽപ്പ് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഫലസ്തീൻ-2 മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണു വിവരം. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ആക്രമണസമയത്ത് അപായസൈറൺ മുഴങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ വിമാനത്താവളത്തിൽ പരിഭ്രാന്തരായി നിൽക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഹൂതി ആക്രമണത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ, യമനിൽനിന്നുള്ള ഭൂതല മിസൈൽ നിർവീര്യമാക്കിയതായി നേരത്തെ ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. തെൽഅവീവ് ഉൾപ്പെടെ മധ്യ ഇസ്രായേലിൽ സൈറൺ മുഴങ്ങുകയും പിന്നാലെ മിസൈൽ ആക്രമണശ്രമം തകർക്കുകയും ചെയ്തതായാണ് ഐഡിഎഫ് വാദം.

കഴിഞ്ഞ ദിവസം യമനിൽനിന്ന് തെൽഅവീവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈലുകൾ എത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഭൂതല ബാലിസ്റ്റിക് മിസൈലുകളാണ് തെൽഅവീവിനെയും മധ്യ ഇസ്രായേലിലെ വിവധ നഗരങ്ങളെയും ലക്ഷ്യമിട്ട് എത്തിയത്. അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ മിസൈൽ പ്രതിരോധ സംവിധാനം ആക്രമണശ്രമം തകർത്തതായും ഐഡിഎഫ് അവകാശപ്പെട്ടു. അതേസമയം, അയേൺ ഡോമുകൾ തകർക്കുംമുൻപ് തന്നെ ഹൂതി മിസൈൽ തെൽഅവീവിൽ പതിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ‘അൽജസീറ’ റിപ്പോർട്ട് ചെയ്തിരുന്നു. മിസൈൽ ശബ്ദം കേട്ട് ഒളിച്ചിരിക്കുന്ന നാട്ടുകാരെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് ഹൂതികൾ ഇസ്രായേൽ നഗരങ്ങളിലേക്ക് മിസൈലുകൾ വിക്ഷേപിച്ചത്. ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമായ ഏരോ 3 ഉപയോഗിച്ച് രാജ്യാതിർത്തിക്കു പുറത്തുതന്നെ ഇവ തകർത്തെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. തകർന്ന മിസൈലുകളിൽനിന്നുള്ള അവശിഷ്ടങ്ങളിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണ് സൈറൺ മുഴക്കിയതെന്നും സൈന്യം വാദിച്ചിരുന്നു.

നേരത്തെ, ഹൂതികൾക്ക് അത്യാധുനിക മിസൈലുകൾ നൽകാൻ റഷ്യ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പി-800 ഓനിക്സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികൾ സ്വന്തമാക്കാനൊരുങ്ങുന്നത്. മാരക പ്രഹരശേഷിയുള്ള ഭൂതല കപ്പൽവേധ മിസൈലുകളാണിത്. ഇറാൻ ഇടനിലക്കാരായാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യയുമായി രഹസ്യ ചർച്ച നടത്തുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com