Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു

അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു

എ.സി.ജോര്‍ജ്

ഹൂസ്റ്റന്‍: ആസന്നമായ അമേരിക്കന്‍ പ്രസിഡണ്ട് ഇലക്ഷന്‍ ഡിബേറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനി കമലഹാരിസിന് വേണ്ടിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡോണാള്‍ഡ് ട്രംപിന് വേണ്ടിയും അരയും തലയും മുറുക്കി എത്തിയ ഗ്രേറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളികള്‍ തെരഞ്ഞെടുപ്പ് സംവാദ ഗോദയില്‍ അതിശക്തമായി ഏറ്റുമുട്ടി. രണ്ടു പാര്‍ട്ടികളുടെയും ആശയങ്ങളും അജണ്ടകളും ട്രാക്കു റിക്കാര്‍ഡുകളും, കൈമുതലാക്കി ഹ്യൂസ്റ്റനിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്തികള്‍ ഇരുവശവും നിന്ന് അത്യന്തം വീറോടും വാശിയോടും പോരാടി.. കേരള ഡിബേറ്റ് ഫോറം യുഎസ്എ, അതി ചിട്ടയായി സ്റ്റാഫോര്‍ഡിലുള്ള ഡാന്‍ മാത്യൂസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദവേദി, രാഷ്ട്രീയ സാമൂഹ്യ ആശയങ്ങളുടെ മാറ്റുരച്ച ഒരു പടക്കളമായി മാറി. സെപ്റ്റംബര്‍ 22, വൈകുന്നേരം ആറുമണി മുതലായിരുന്നു സംവാദം. കേരള ഡിബേറ്റ് ഫോറം യുഎസ്എക്ക് വേണ്ടി സംവാദത്തിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മാധ്യമ പ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരുമായി ഒട്ടനവധിപേര്‍ പങ്കെടുത്തു.

ഡോക്ടര്‍ ജോസഫ് പോന്നോലി, സന്നിഹിതരായവര്‍ക്ക് സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുപ്പ് ഗോദയില്‍ കൊമ്പ് കോര്‍ക്കുന്ന ഇരു ചേരികളെയും സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് സംവാദം മോഡറേറ്റര്‍ നിയന്ത്രിച്ചു. ആവേശത്തിരമാലകള്‍ ഇളക്കിമറിച്ചുകൊണ്ട് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ്, ഇരുപക്ഷവും അവരുടെ ആവനാഴിയിലെ അമ്പുകള്‍ നേര്‍ക്ക് നേരെ തൊടുത്തു വിടാന്‍ ആരംഭിച്ചു എന്നാല്‍ തികച്ചും സഭ്യവും ആശയപരവും സമാധാനപരവുമായ പക്ഷ, പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് സംവാദം മുന്നേറിയത്.

റിപ്പബ്ലിക്കെന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന്റെ പക്ഷത്തിനു വേണ്ടി പാനലിസ്റ്റുകള്‍ ആയി ഡാന്‍ മാത്യൂസ്, ടോം വിരിപ്പന്‍, തോമസ് ഒലിയാന്‍കുന്നേല്‍, ഡോക്ടര്‍ മാത്യു വൈരമണ്‍ എന്നിവര്‍ നിലകൊണ്ടപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലഹാരിസ് പക്ഷത്തിനു വേണ്ടി പൊന്നുപിള്ള, എസ്.കെ.ചെറിയാന്‍, ജോസഫ് തച്ചാറ, മാത്യൂസ് എടപ്പാറ, എന്നിവര്‍ നിലകൊണ്ടു. അവരവരുടെ പക്ഷത്തിനും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വസ്തുതകള്‍ നിരത്തിക്കൊണ്ട് അതി തീവ്രമായി പ്രാരംഭ പ്രസ്താവനകളില്‍ തന്നെ വാദിച്ചു. ടൗണ്‍ഹാള്‍ പബ്ലിക് മീറ്റിംഗ് ഫോര്‍മാറ്റില്‍ ആയിരുന്നു ഡിബേറ്റ്. തുടര്‍ന്ന് സദസില്‍ നിന്ന് പ്രസ്താവനകളുടെയും പാനലിസ്റ്റുകളോടുള്ള ചോദ്യങ്ങളുടെയും അനസ്യൂതമായ പ്രവാഹവും കുത്തൊഴുക്കുമായിരുന്നു. ഇരുപക്ഷത്തെ പാനലിസ്റ്റുകള്‍ പരസ്പരം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ആരോപണ പ്രത്യാരോപണങ്ങളുടെ ശരങ്ങള്‍ തൊടുത്തു വിട്ടു ചിലരെല്ലാം ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനി ഡോണാൾഡ് ട്രംപ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനോ ഭരണപാടവുമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസിനസുകാരനാണ്. റിപ്പബ്ലിക്കൻ നോമിനേഷൻ അടിച്ചെടുത്ത ഒരു വ്യക്തിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ തന്നെ ഏകപക്ഷീയമായ ഒരു പിന്തുണ അയാൾക്ക് അവകാശപ്പെടാൻ സാധ്യമല്ല. വിടുവായത്തരങ്ങളും ജല്പനങ്ങളും എന്താണെന്ന് അയാൾക്ക് പോലും അറിയില്ല ആവർത്തിച്ചാവർത്തി തെറ്റുകളും അബദ്ധങ്ങളും വിളിച്ച് സ്ത്രീകളെയും മറ്റും അശ്ലീല പരാമർശനങ്ങൾ നടത്തുന്ന ട്രംപ് അവയിൽ നിന്ന് തടി ഊരാൻ കഴിഞ്ഞ കാലങ്ങളിൽ വളരെയധികം തത്രപ്പെടേണ്ടി വന്നു. അമേരിക്കൻ ജനതയുടെ വിവിധ പ്രശ്നങ്ങളെ പറ്റിയുള്ള ന്യായമായ പരിജ്ഞാനമോ അവരെ നയിക്കാനോ ഉള്ള ഒരു യോഗ്യതയും ചങ്കുറപ്പും അറിവും ഡോണാൽഡ് ട്രമ്പിനില്ല. ഇയാളുടെ കയ്യിൽ അമേരിക്കൻ ഭരണം വീണ്ടും ഏൽപ്പിച്ചു കൊടുത്താൽ കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തതു പോലെയിരിക്കും. ലോകം മുഴുവൻ നശിപ്പിക്കാൻ ശക്തമായ ആറ്റംബോംബ് കോഡ് ഇത്തരക്കാരന്റെ കയ്യിൽ വന്നാൽ എന്താകും സ്ഥിതി ഒന്ന് ആലോചിച്ചു നോക്കുക. എന്നെല്ലാം ഡെമോക്രട്ട് പാനലിസ്റ്റുകൾ ചോദിച്ചപ്പോൾ അതേ നാണയത്തിൽ തന്നെ റിപ്പബ്ലിക്കെൻ പാനലിസ്റ്റുകൾ തിരിച്ചടിച്ചു.തങ്ങളുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുള്ള ഒരു മുൻകാല അമേരിക്കൻ പ്രസിഡൻ്റ് തന്നെയാണ്. അദ്ദേഹം നാലുവർഷം അമേരിക്കൻ പ്രസിഡൻ്റ് ആയിരുന്നപ്പോൾ അമേരിക്കയിലും ലോകത്തെമ്പാടും ഒരുവിധം സമാധാനം ഉണ്ടായിരുന്നു. ഒരിടത്തും ഒരു ശിദ്ര ശക്തികളോ, നിക്ഷിപ്ത താല്പര്യക്കാരോ ഭീകരവാദികളോ തലപൊക്കിയില്ല. റഷ്യയിലെ പുട്ടിനും, വടക്കൻകൊറിയയിലെ കിംഗ് ജോങ്ങും അമേരിക്കയുടെയും, ഡൊണാൾഡ് ട്രംപിന്റെയുംയും മുമ്പിൽ വാലു ചുരുട്ടി ഓച്ഛാനിച്ചുനിന്നു. അമേരിക്കൻ നികുതി ദായകരുടെപണം എടുത്ത് യുദ്ധം ചെയ്യാതെ തന്നെ രാജ്യ തന്ത്രജ്ഞതയോടെയോ, അല്ലെങ്കിൽ ഇത്തരക്കാരെ വിരട്ടിയോ നിർത്തി. ഇന്ന് ലോകത്തിൻറെ അവസ്ഥയെന്താണ്. മിഡിൽ ഈസ്റ്റിലും, യൂക്റൈനിലും, യുദ്ധത്തിൻറെ പെരുമഴയല്ലേ? അമേരിക്കൻ നികുതി ദായകരുടെ പണം എത്രയാണ് ഈ ഡെമോക്രാറ്റിക് പ്രസിഡന്റ് ഇപ്പോൾ അവിടെ കൊണ്ടുപോയി കൊടുത്തു പൊട്ടിച്ചു കളയുന്നത്? ഇപ്പോൾ വൈസ് പ്രസിഡന്റ് ആയ കമലഹാരിസ് കൂടി അതിന് ഉത്തരവാദിയാണ്. അപ്പോൾ പിന്നെ ഈ വ്യക്തി പ്രസിഡന്റ് ആയാൽ അമേരിക്കയ്ക്ക് എതിരായി ഈ വികട ശക്തികൾ എല്ലാം ഒന്നിക്കും. ഡോണാൾഡ് ട്രംപിന്റെ ചില പ്രസ്താവനകളോ ചില കഴമ്പില്ലാത്ത ഭൂതകാല ചെയ്തികൾ പൊക്കിയെടുത്ത് പാർട്ടിയെയും ട്രംപിനെയും താർഅടിക്കാനോ സദാചാര പോലീസ് ചമഞ്ഞ് രാഷ്ട്രീയ സദാചാരം പഠിപ്പിക്കാൻ ഡെമോക്രാറ്റിക് പാർട്ടി മഞ്ഞുകൊണ്ട് തുനിയേണ്ടതില്ലെന്ന് റിപ്പബ്ലിക്കൻ പാനൽ കൈചൂണ്ടി ഡെമോക്രാറ്റിക് പാനലിനെ താക്കീത് ചെയ്തു.റൊണാൾഡ് ട്രംപും റിപ്പബ്ലിക്കനും ഒക്കെ ഇപ്പോഴത്തെ പ്രസിഡൻറ് ജോ ബൈഡനെ പ്രായത്തിന്റെ പേരിലും ഓർമ്മക്കുറവിന്റെ പേരിലും അവഹേളിച്ചില്ലേ? ട്രംപിന്റെ പ്രായവും, ട്രംപിന്റെ ഓർമ്മക്കുറവും, പലപ്പോഴും പുലഭ്യം പറച്ചിലും കേൾക്കുമ്പോൾ രണ്ട് കാലിലും മന്തുള്ള ഒരു വ്യക്തി ഒരു കാലിൽ മാത്രം മന്തുള്ള വ്യക്തിയെ ” മന്താ മന്താ ” എന്ന് വിളിച്ച് അവഹേളിക്കുന്ന മാതിരി തോന്നും. ഡോണാൾഡ് ട്രംപിന് ഒരു നല്ല മോറൽ ക്യാരക്ടർ ഉണ്ടോ? എത്ര കുറ്റങ്ങളാണ് അയാളിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്? അങ്ങനെ ഉള്ള ഒരു വ്യക്തിയാണോ അമേരിക്കൻ പ്രസിഡന്റ് ആകേണ്ടത്? അദ്ദേഹം പല ബിസിനസിലും നികുതി വെട്ടിച്ചില്ലേ, നികുതി കൊടുക്കാതിരിക്കാൻ പല അടവുകളും പ്രയോഗിച്ചില്ലെ. സമൂഹത്തിലെ ഉയർന്ന വരുമാനക്കാർക്കും വമ്പൻ കോർപ്പറേറ്റുകൾക്കും സബ്സിഡിയും നികുതി ആനുകൂല്യങ്ങളും നൽകി സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിയാനാണ് ട്രംപിന്റെ വിവിധ പ്ലാനുകൾ. കമ്പനികളും തൊഴിലുകളും വിദേശത്തേക്ക് പോകുന്നു, ഔട്സോഴ്സ് ചെയ്യപ്പെടുന്നു എന്നും പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്ന ട്രംപ് തന്നെ താങ്കളുടെ ജോലികൾ വിദേശത്തേക്ക് പറിച്ചു നട്ടില്ലേ? രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക അജണ്ടകളും പോളിസികളും പരസ്പരവിരുദ്ധങ്ങളാണ്. പലതിലും ഒരു യുക്തിയില്ലായ്മ വിരോധാഭാസം ഡെമോക്രാറ്റിക് പാനലിസ്റ്റുകൾ പറഞ്ഞു. ഡെമോക്രാറ്റായ ജോ ബൈഡൻ ഭരണം കൊണ്ട് അമേരിക്ക ഒരർത്ഥത്തിൽ കീഴോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് ശരിയായ ഒരു വിദേശ നയമില്ല. വിദേശത്തും അമേരിക്കയുടെ വില ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഡെമോക്രാറ്റുകളുടെ ഫെഡറൽ നയങ്ങൾ തുടർന്നാൽ യുഎസ് ട്രഷറി താമസിയാതെ കാലിയാകും. സോഷ്യൽ സെക്യൂരിറ്റി മെഡികെയർ കാലക്രമേണ നിലയ്ക്കും. യാതൊരു നിയന്ത്രണവുമില്ലാതെയാണ് യുഎസ് ഡോളർ പ്രിൻറ് ചെയ്യുന്നത്. നാഷണൽ കടബാധ്യത ഉച്ചകോടിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഗൺ വയലൻസ് കൺട്രോൾ നിയമങ്ങളിൽ ഒരു മാറ്റവും വരുത്താൻ കമലഹാരിസിന്‍റെ ഭരണത്തിൽ സാധിക്കുകയില്ല. അവരുടെ ഗർഭചിദ്ര നയങ്ങളും അവ്യക്തത നിറഞ്ഞതാണ് അതിനാൽ ഒരു ഭരണ മാറ്റം റിപ്പബ്ലിക്കൻ ട്രമ്പിലേക്കു , ഉണ്ടാകണം. റിപ്പബ്ലിക്കൻ പാനലിസ്റ്റുകൾ വാദിച്ചു.തുല്യശക്തികളുടെ ഒരു വാക്മയ, വാചക കസർത്ത് ആയിരുന്നു ഈ ഡിബേറ്റ്. ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് രണ്ടു പാർട്ടിക്കും തുല്യ പരിഗണനയും ചിട്ടയും ഓർഡറും നിലനിർത്താൻ കേരള ഡിബേറ്റ് ഫോറത്തിനു വേണ്ടി മോഡറേറ്റ് ചെയ്ത എ.സി. ജോർജിന് കഴിഞ്ഞു.

രണ്ടര മണിക്കൂർ നീണ്ടുനിന്ന ഈ ഡിബേറ്റിൽ സജീവമായി പങ്കെടുത്തു കൊണ്ട് ചോദ്യങ്ങൾ ചോദിച്ചവർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരും പ്രമുഖരുമായ എബ്രഹാം തോമസ്, മേരിക്കുട്ടി എബ്രഹാം, ജീവാ സുഗതൻ, സ്റ്റീഫൻ മാത്യു, സി. ജി. ഡാനിയൽ, ക്രിസ് മാത്യൂസ്, ഡെയ്സി മാത്യൂസ്, സെന്നി ഉമ്മൻ, ആൻഡ്രൂസ് ജേക്കബ്, ബിജു ചാലക്കൽ, ജോർജ് ജോസഫ്, ജോമോൻ ഇടയാടി, ജോഷി ചാലിശ്ശേരി, ഡാനിയൽ ചാക്കോ, ഡോക്ടർ ജോസഫ് പൊന്നോലി, പ്രൊഫസർ സക്കറിയ ഉമ്മൻ, പ്രൊഫസർ സിസി സക്കറിയ, ആൻ ജോൺ, തങ്കപ്പൻ നായർ, മേഴ്സി ജോർജ്, ജയ്സൺ ജോർജ്, തുടങ്ങിയവരാണ്. ഡിബേറ്റിന്റെ ക്ലോസിങ് പ്രസ്താവനയായി പാർട്ടി ഏതായാലും അവരവരുടെ സമ്മതിദാനാവകാശം എല്ലാവരും വോട്ട് ചെയ്ത് പ്രകടിപ്പിക്കണമെന്ന് കേരള ഡിബേറ്റ് ഫോറം യു എസ് എ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments