തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങിന് മാത്രം അനുമതി നൽകാൻ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴിയും തിരഞ്ഞെടുക്കാം. കാനനപാതയിൽ ഭക്തർക്ക് സൗകര്യമൊരുക്കും.
വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും. നിലയ്ക്കലിലും എരുമേലിയിലും പാർക്കിങിന് കൂടുതൽ സൗകര്യം ഒരുക്കും. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ള സൗകര്യങ്ങളൊരുക്കാനാണ് സർക്കാർ തീരുമാനം.
യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് തുടങ്ങിയവ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.