Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; അന്വേഷണം 'രക്ഷാപ്രവര്‍ത്തനം' എന്ന വിവാദ പ്രസ്താവനയില്‍

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; അന്വേഷണം ‘രക്ഷാപ്രവര്‍ത്തനം’ എന്ന വിവാദ പ്രസ്താവനയില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരളാസദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

പ്രസ്താവനയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തേ നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തത്. ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പരാതിക്കാധാരമായ തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അനില്‍ കുമാര്‍, സന്ദീപ് എന്നീ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തിരുന്നത്.

ഡിസംബര്‍ 15നാണ് ആലപ്പുഴ ടൗണില്‍വച്ച് യൂത്ത്‌കോണ്‍ഗ്രസ് – കെഎസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെതിരെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം വിവാദമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments