തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രി അയച്ച കത്ത് പരസ്യപ്പെടുത്തിയായിരുന്നു ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
”രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടത് എന്റെ കടമയാണ്. മുഖ്യമന്ത്രി ഇപ്പോഴും എന്തോ ഒളിച്ചു വച്ചാണ് വിശദീകരണം നൽകിയത്. അദ്ദേഹത്തിന്റെ വിശദീകരണം എന്താണെന്ന് മനസിലാവുന്നില്ല. സ്വർണക്കടത്തിനെയും ഹവാലയെയും കുറിച്ച് മുഖ്യമന്ത്രിയുടെ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തിനെതിരായ കുറ്റം തന്നെയാണ് നടന്നതെന്ന് വേണം മനസിലാക്കാൻ. അതിനാൽ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടത് ഗവർണർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണ്.”- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എല്ലാ കാര്യങ്ങളും രാഷ്‌ട്രപതിയെ രേഖാമൂലം അറിയിക്കും. കേരളത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. ഇക്കാര്യങ്ങളെ ഗവർണർ എന്ന നിലയിൽ തന്നെ അറിയിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും എന്നാൽ അദ്ദേഹം അത് ചെയ്തില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം നൽകാൻ പറഞ്ഞത് ഒരിക്കലും ചട്ടവിരുദ്ധമായല്ല. രാജ്ഭവനിൽ നിരന്തരമായി സന്ദർശിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി തടഞ്ഞത്. ഒളിച്ചു വയ്‌ക്കാൻ എന്തോ ഉള്ളതു കൊണ്ടാണ് ഉദ്യോഗസ്ഥരെ അദ്ദേഹം തടഞ്ഞത്.
മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സെക്രട്ടറി തന്നെ സ്വർണക്കടത്തിൽ പ്രതിയായ വ്യക്തിയാണ്. ഇതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഒളിച്ചു വയ്‌ക്കാൻ എന്തോ ഉണ്ടെന്ന് താൻ വീണ്ടും ആവർത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു. വിഷയം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.