ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ മേധാവിയായി കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ എസ് പരമേഷിനെ നിയമിച്ചു. നാളെ (15-10-24) ആണ് കോസ്റ്റ് ഗാർഡിന്റെ പുതിയ മേധാവിയായി അദ്ദേഹം അധികാരമേൽക്കുന്നത്. നിലവിൽ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറലായാണ് പരമേഷ് സേവനമനുഷ്ഠിക്കുന്നത്.
ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ ഡയറക്ടർ ജനറൽ, പ്രിൻസിപ്പൽ ഡയറക്ടറായും ചെന്നൈയിലെ കോസ്റ്റ് ഗാർഡ് റീജിയണൽ ആസ്ഥാനത്തിൽ ചീഫ് സ്റ്റാഫ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, 2018 മുതൽ 2023 വരെ ചെന്നൈ കോസ്റ്റ് ഗാർഡ് റീജിയൻ ഈസ്റ്റിലെയും വെസ്റ്റിലെയും ഫ്ലാഗ് ഓഫീസറായിരുന്നു.
ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിലെയും വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലുമാണ് പരമേഷ് പഠനം പൂർത്തിയാക്കിയത്. ഐസിജിയുടെ ഭാഗമായ അഡ്വാൻസ്ഡ് ഓഫ്‌ഷോർ പട്രോൾ വെസ്സൽ സമർ, ഓഫ്‌ഷോർ പട്രോൾ വെസ്സൽ വിശ്വസ്ത് എന്നീ കപ്പലുകളിലും പരമേഷ് സേവനമനുഷ്ടിച്ചിട്ടുണ്ട്.