ന്യൂഡല്‍ഹി: പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ ഇന്ത്യ വിട്ടുവെന്ന ഊഹാപോഹങ്ങള്‍ തള്ളി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നുവെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു വര്‍ഷത്തേയ്ക്ക് ദുബായില്‍ വന്നതാണ്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.
നാല് വര്‍ഷത്തിനിടെ നടത്തിയ ആദ്യ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ബൈജു രവീന്ദ്രന്‍ തള്ളിയത്. ഇന്ത്യയിലേക്ക് മടങ്ങി വരാനാണ് തീരുമാനമെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. തന്റെ സാന്നിധ്യത്തില്‍ സ്റ്റേഡിയങ്ങള്‍ നിറയുന്ന സാഹചര്യം തിരിച്ചുവരും. അതേസമയം, മടങ്ങിവരാനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അത് ഉടന്‍ പ്രതീക്ഷിക്കാമെന്നും ബൈജു രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവ് എന്തായാരിക്കും എന്നത് സംബന്ധിച്ച് തനിക്ക് ആശങ്കയില്ല. എന്ത് വന്നാലും താന്‍ ഒരു വഴി കണ്ടെത്തുമെന്നും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
2022 ല്‍ 2200 കോടി ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം. എന്നാല്‍ കടങ്ങള്‍ കൂടിവന്നതും നിയമപരമായ തര്‍ക്കങ്ങളും ബൈജൂസിന്റെ സാമ്പത്തിക നിലയെ ബാധിച്ചു. നിലവില്‍ വായ്പ എന്ന നിലയില്‍ നൂറ് കോടി ഡോളറിലധികം രൂപ കമ്പനി തിരിച്ചടയ്ക്കാനുണ്ട്, ഇതിനെ തുടര്‍ന്ന് ഇന്ത്യയിലും അമേരിക്കയിലും കമ്പനി പാപ്പരത്ത നടപടി നേരിടുകയാണ്.