Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'നവീൻ ബാബു തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചയാൾ', അനുശോചനം അറിയിച്ച് കുടുംബത്തിന് കണ്ണൂർ കളക്ടറുടെ കത്ത്

‘നവീൻ ബാബു തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചയാൾ’, അനുശോചനം അറിയിച്ച് കുടുംബത്തിന് കണ്ണൂർ കളക്ടറുടെ കത്ത്

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. കലക്ടർ എഴുതിയ കത്ത് പത്തനംതിട്ട സബ്കലക്ടർ വഴി കുടുംബത്തിന് കൈമാറി. നവീന്റെ മരണത്തിൽ കലക്ടർക്കെതിരെയും ആരോപണമുയർന്നിരുന്നു.പത്തനംതിട്ടയിൽ നിന്ന് തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് കത്തെഴുതുന്നതെന്ന് സൂചിപ്പിച്ച കലക്ടർ മടക്കയാത്രയിൽ മുഴുവൻ ഓർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയണമെന്നും എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണെന്നും പറയുന്നുണ്ട്. ഇന്നലെ വരെ തോളോട് ചേർന്ന് പ്രവർത്തിച്ച നവീന്റെ മരണം നൽകിയ നടുക്കം വിട്ടുമാറിയിട്ടില്ല. ഏതുകാര്യവും വിശ്വസിച്ച് ഏൽപിക്കാവുന്ന പ്രിയപ്പെട്ട സഹപ്രവർത്തകനായിരുന്നു നവീൻ. ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് കലക്ടർ കത്ത് അവസാനിപ്പിക്കുന്നത്. വീട്ടിൽ വന്ന് ആശ്വസിപ്പിക്കണമെന്ന് കരുതിയെങ്കിലും നടന്നില്ലെന്നും പിന്നീട് ഒരവസരത്തിൽ നിങ്ങളുടെ അനുവാദത്തോടെ വീട്ടിലേക്ക് വരാമെന്നും കലക്ടർ പറയുന്നുണ്ട്.

അരുൺ കെ. വിജയനെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ദിവ്യയുടെ പരാമർശത്തിൽ കലക്ടർക്ക് പങ്കുള്ളതായി പറയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിപാടിയിൽ ദിവ്യ പങ്കെടുത്തത് എന്തിനാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ചോദിച്ചു. യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം നടത്തി സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും സി.പി.എം നേതാവ് മലയാലപ്പുഴ മോഹനനും ആരോപിച്ചു.

കത്തിന്‍റെ പൂർണ രൂപം:

പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇത് എഴുതുന്നത്. ഇന്നലെ നവീന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ ഞാന്‍ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല.നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ എന്റെ തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ട് മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍…എനിക്ക് ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍.. സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുമ്പോളും, നവീന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും, നഷ്ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ല. എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമെ ഇപ്പോള്‍ സാധിക്കൂള്ളൂ. പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ വീട്ടിലേക്ക് വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments